
പന്തളം: സര്‍വീസ് സഹകരണ ബാങ്കില്‍ പണയ സ്വര്‍ണമെടുത്ത് മറ്റൊരു ബാങ്കില്‍ പണയം വച്ച് ജീവനക്കാരന് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപണം. പണയ സ്വര്‍ണം തിരികെ വയ്ക്കാന്‍ അര്‍ധരാത്രി ബാങ്ക് തുറന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ബാങ്ക് ഭരണ സമിതിയും സിപിഎം നേതൃത്വവും വെട്ടിലായി. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാതിരിക്കാന്‍ ബിജെപി ബാങ്കിന് മുന്നില്‍ രാപകല്‍ സമരം തുടങ്ങി. പ്രതിഷേധത്തിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബിജെപിക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ പ്യൂണ്‍ അര്ജുന് പ്രമോദാണ് തട്ടിപ്പ് നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം തട്ടിപ്പ് പുറത്തായിട്ടും പോലീസില്‍ പരാതി നല്കാന് ബാങ്ക് സെക്രട്ടറി തയാറായിട്ടില്ല. അടുത്തിടെ പരിഷ്കരിച്ച സഹകരണ നിയമ പ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ സെക്രട്ടറി പോലീസിന് രേഖാമൂലം പരാതി നല്‍കണമെന്നാണ്. അല്ലാത്ത പക്ഷം സെക്രട്ടറിക്കെതിരേ പോലീസിന് കേസെടുക്കാന്‍ കഴിയും.
സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഡ്വ.കെ.ആര്. പ്രമോദ്കുമാറിന്റെ മകനാണ് ആരോപണ വിധേയനായ അര്ജുന്. പാര്‍ട്ടി നടപടി നേരിട്ടിട്ടുള്ള പ്രമോദ് വീണ്ടും താഴേത്തട്ടില്‍ നിന്ന് സജീവമായി പാര്‍ട്ടിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ബാങ്കിലെ പ്യൂണ്‍ ആയിട്ടാണ് അര്ജുന് ജോലിക്ക് കയറിയിട്ടുള്ളത്. പ്യൂണിന് ഒരിക്കലും ലോക്കര്‍ കൈകാര്യം ചെയ്യാനുളള അധികാരമില്ല. ബാങ്കിലെ ക്ലാര്‍ക്കിന് മാത്രമാണ് ഇതിനുള്ള ചുമതല. ഇവിടെ അര്ജുന് ലോക്കര്‍ റൂം തുറക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍ എന്ന് പറയുന്നു.
സഹകണ ബാങ്കില്‍ ഇടപാടുകാര്‍ പണയം വച്ച 70 പവനോളം സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ നിന്ന് എടുത്ത് ഇയാള്‍ മറ്റ് ബാങ്കുകളില്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. പണയം തിരികെ എടുക്കാന്‍ ഇടപാടുകാരില്‍ ചിലര്‍ എത്തിയപ്പോള്‍ ഉരുപ്പടി ഇവിടെ ഉണ്ടായിരുന്നില്ല. ഇതാണ് തട്ടിപ്പ് പുറത്തു വരാന്‍ കാരണമായത്.
ഇങ്ങനെ തട്ടിപ്പ് നടത്തി കിട്ടിയ പണം ഉപയോഗിച്ച് അര്ജുന് ലോറികളും ജെസിബിയും വാങ്ങിയെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആരോപിക്കുന്നു. സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത് ബിജെപിയാണ്. പിന്നാലെ കോണ്‍ഗ്രസും എത്തി. ഞായറാഴ്ച പകല്‍ ബാങ്കിന് മുന്നില്‍ സമര പരമ്പര തുടങ്ങി. ബിജെപി പന്തളം മണ്ഡലം, മുനിസിപ്പല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധ സമരം തുടങ്ങി. ബാങ്കിന് രാത്രി കാവല്‍ ഏര്‍പ്പെടുത്തി സമരവും തുടര്‍ന്നു.
തട്ടിപ്പ് പുറത്തു വന്നിട്ടും ഇതുവരെ പരാതി നല്കാന് ഭരണസമിതി തയാറായിട്ടില്ല എന്നത് സിപിഎം ബാങ്ക് ഭരണസമിതിയുടെ പൂര്‍ണ്ണ പിന്തുയോടെയാണ് തട്ടിപ്പെന്നതിന് തെളിവാണെന്ന് ബിജെപി ആരോപിച്ചു. യഥാര്‍ഥ ഉടമകള്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 70 പവന് സ്വര്‍ണം മോഷണം പോയതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ അര്ജുന് സ്വര്‍ണം എടുത്തുകൊണ്ട് പോകുന്നതും ഉണ്ട്.
തട്ടിപ്പ് പുറത്തായതോടെ ശനിയാഴ്ച രാത്രി ബാങ്ക് ജീവനക്കാരെ മുഴുവന്‍ വിളിച്ചു വരുത്തിയ ശേഷം അര്‍ജുന്റെ ബന്ധുക്കളുടെ കൈയില്‍ നിന്ന് 35 പവന് സ്വര്‍ണം പകരമായി ബാങ്കില്‍ വയ്പിച്ചു. തിങ്കളാഴ്ച ബാക്കി സ്വര്‍ണം നല്‍കാമെന്ന് ധാരണയുണ്ടാക്കിയെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
അര്ജുന് പ്രമോദ് ബാങ്കില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വച്ചിരിക്കുന്നത് പോലീസ് തൊണ്ടിമുതലായി കണ്ടുകെട്ടുകയും ബാങ്ക് കൊള്ളയ്ക്ക് അര്‍ജുനെയും, കൂട്ടാളികളായ പാര്‍ട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാര്‍, ജന:സെക്രട്ടറി അഡ്വ: നന്ദകുമാര്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് ഹരികുമാര്‍ കൊട്ടേത്ത്, സംസഥാന കൗണ്‍സില്‍ അംഗം പ്രതീപ് കൊട്ടേത്ത്, സീനഎന്നിവര്‍ ആവശ്യപ്പെട്ടു.
അതിനിടെ വിചിത്രമായ വിശദീകരണവുമായി സിപിഎം നേതാവും ബാങ്ക് പ്രസിഡന്റുമായ ഇ. ഫസില്‍ രംഗത്ത് വന്നു. ബാങ്കിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഫസില്‍ പറഞ്ഞു. രാത്രിയില്‍ ബാങ്കിലെ സിസിടിവിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് അര്‍ദ്ധരാത്രിയില്‍ ബാങ്ക് തുറന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.