പാര്‍ട്ടി സെക്രട്ടറിയുടെ ജാഥയ്ക്ക് പോകാന്‍ 15,000 രൂപ തരണം: ഒരു 3000 രൂപ അങ്ങോട്ട് തരും: നിന്നെ കാണിച്ചു തരാം: ആ, നീ എന്താന്ന് വച്ചാല്‍ കാണിക്ക്: ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കാന്‍ മണലൂറ്റുകാരനെ ഊറ്റാനുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി പുറത്ത്‌

0 second read
Comments Off on പാര്‍ട്ടി സെക്രട്ടറിയുടെ ജാഥയ്ക്ക് പോകാന്‍ 15,000 രൂപ തരണം: ഒരു 3000 രൂപ അങ്ങോട്ട് തരും: നിന്നെ കാണിച്ചു തരാം: ആ, നീ എന്താന്ന് വച്ചാല്‍ കാണിക്ക്: ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കാന്‍ മണലൂറ്റുകാരനെ ഊറ്റാനുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി പുറത്ത്‌
0

പത്തനംതിട്ട: പാര്‍ട്ടി സെക്രട്ടറിയുടെ ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 രൂപ സംഭാവന തന്നില്ലെങ്കില്‍ കാണിച്ചു തരാമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പമ്പയില്‍ നിന്ന് അനധികൃതമായി മണല്‍ വാരുന്നവരോട് സിപിഎം തോട്ടപ്പുഴശേരി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യു ഭീഷണി മുഴക്കുന്നുവെന്ന പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്. 3000 രൂപ വേണേല്‍ തരാമെന്ന് പറഞ്ഞ് പ്രതിരോധിക്കുന്ന മണല്‍ വാരലുകാരനോട് നിന്നെയൊക്കെ കാണിച്ചു തരാമെന്ന് സെക്രട്ടറി പറയുന്നതാണ് ഓഡിയോ ക്ലിപ്പില്‍ ഉള്ളത്.

കോഴഞ്ചേരിയോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്താണ് തോട്ടപ്പുഴശേരി. പമ്പ ഒഴുകുന്നത് പഞ്ചായത്തിലൂടെയാണ്. ഇവിടെ പണ്ട് മണല്‍ വാരിയിരുന്ന കടവുകള്‍ പഞ്ചായത്ത് പൂട്ടി സില്‍ ചെയ്തിരിക്കുകയാണ്. ആ പൂട്ട് താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് വാരിയ മണല്‍ കടത്തുന്നത് എന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. ബ്രാഞ്ച് സെക്രട്ടറി ചോദിക്കുന്നത് ഒരു ലോഡ് മണല്‍ സൈറ്റില്‍ കുത്തുമ്പോള്‍ ലഭിക്കുന്ന പണമാണ്. എന്നാല്‍, ഒരു ലോഡ് മണലിന് തങ്ങള്‍ക്ക് കിട്ടുന്നത് വെറും 4000 രൂപ മാത്രമാണെന്നാണ് വാരലുകാരന്‍ പറയുന്നത്. തങ്ങള്‍ കഷ്ടപ്പെട്ട് വാരി ചുമന്ന് കൊണ്ട് എത്തിക്കുന്നു. അതു കൊണ്ട് എല്ലാ വാരലുകാരും ചേര്‍ന്ന് മൂവായിരം രുപ തരാം. അതില്‍ കൂടുതല്‍ പറ്റില്ലെന്നും പറയുന്നു. ജാഥയില്‍ പങ്കെടുക്കാന്‍ ഒരു ബസ് പത്തനംതിട്ട പോകണമെങ്കില്‍ 5000 രൂപ കൊടുക്കണമെന്ന് സെക്രട്ടറി പറയുന്നു. അതു കൊണ്ട് 15,000 രൂപയില്‍ ഒരു പൈസ പോലും കുറയില്ലെന്നും പറയുന്നു.

3000 രൂപ എന്ന സംഭാവനയില്‍ ഉറച്ചു നില്‍ക്കുകയാണ് മണല്‍വാരലുകാരന്‍. തങ്ങള്‍ കെ.ജെ. രാജുവെന്ന സിപിഎം നേതാവിനോട് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. രാജുവല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതൊക്കെ കഴിഞ്ഞ കാലമെന്ന് സഖാവിന്റെ മറുപടി. അരുണ്‍ ആണ് ബ്രാഞ്ച് സെക്രട്ടറി. സിപിഎമ്മിനെ വെല്ലുവിളിച്ച് നിനക്കൊക്കെ മണല്‍ വാരാന്‍ കഴിയുമോ? നീയൊക്കെ എവിടുന്നൊക്കെ വാരുന്നുണ്ടെന്ന് എനിക്കറിയാം. ഒരു ലോഡ് മണലിന്റെ കാശ് വേണം. അല്ലെങ്കില്‍ പോലീസിനെ കൊണ്ട് നിന്നെയൊക്കെ പിടിപ്പിക്കും എന്നും അരുണ്‍ പറയുന്നുണ്ട്.

എന്നാല്‍, മണല്‍വാരലുകാരന് യാതൊരു കൂസലുമില്ല. നീയെന്താന്ന് വച്ചാല്‍ അങ്ങ് കാണിക്ക്. 4000 രൂപ ഒരു ലോഡ് മണലില്‍ കിട്ടും. പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് വാരുന്നത്. അത് കൊട്ടയിലാക്കി ചുമന്ന് വേണം ലോറിയില്‍ കൊണ്ടിടാന്‍. ഒരു ലോഡ് മണല്‍ ലോറിക്കാര്‍ വില്‍ക്കുന്നത് 12,000 രൂപയ്ക്കാണ്. എന്നും അയാള്‍ പറയുന്നു. നിങ്ങള്‍ക്ക് എത്ര കിട്ടുമെന്നൊക്കെ വ്യക്തമായി എനിക്കറിയാം. ലോറിക്കാരുടെ കൈയില്‍ നിന്ന് കൂടി വാങ്ങി 15,000 തരണം. അല്ലാത്ത പക്ഷം ഒരുത്തനെയും മണല്‍ വാരാന്‍ അനുവദിക്കില്ല. പോലീസില്‍ അറിയിക്കും. സഖാവിന്റെ വെല്ലുവിളി മണല്‍വാരലുകാരന്‍ തള്ളുന്നിടത്താണ് ഓഡിയോ അവസാനിക്കുന്നത്.

മണല്‍ വാരലിന് നിരോധനമുള്ള നദിയാണ് പമ്പ. പോലീസിനും സിപിഎം നേതാക്കള്‍ക്കും റവന്യൂ അധികൃതര്‍ക്കും പടി കൊടുത്താണ് മണല്‍ വാരല്‍ നടക്കുന്നതെന്നാണ് ഓഡിയോ ക്ലിപ്പില്‍ നിന്ന് പുറത്തു വരുന്നത്. എല്ലാവര്‍ക്കും പങ്കിട്ട് കഴിയുമ്പോള്‍ മണല്‍ വാരലുകാര്‍ക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്. അതു കൊണ്ടാണ് സഖാവ് ചോദിക്കുന്ന സംഭാവന നല്‍കാന്‍ കഴിയില്ലെന്ന് മണല്‍ വാരലുകാരന്‍ അറുത്തു മുറിച്ച് പറയുന്നത്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …