പത്തനംതിട്ട: വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സിപിഎം അന്വേഷണം പ്രഖാപിച്ചു. കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗത്തിനെതിരേയാണ് മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
ഏറെ നാളായുള്ള കാത്തിരിപ്പാണെന്ന ആമുഖത്തോടെയായിരുന്നുവത്രേ സിപിഎം നേതാവിന്റെ അധിക്ഷേപം. അടുത്ത ജില്ലക്കാരിയാണ് പരാതിക്കാരി. വര്‍ഷങ്ങളായി മല്ലപ്പുഴശേരി പഞ്ചായത്തിലാണ് കുടുംബ സമേതം ഇവര്‍ താമസിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തക കൂടിയാണ്.
സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്.അജയ കുമാര്‍, മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.ജി ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. മല്ലപ്പുഴശേരി ലോക്കല്‍ കമ്മറ്റിക്ക് ലഭിച്ച പരാതിയിലാണ് ഏരിയാ കമ്മറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തത്.
വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇവര്‍ ആദ്യം പാര്‍ട്ടി നേതാക്കളെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം ഇത് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക ആയിരുന്നു എന്ന പരാതി ഉണ്ടായി. ഇവര്‍ പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് അടിയന്തിര ഏരിയ കമ്മറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്തത്.
ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ആരോപണ വിധേയനായ ഏരിയ കമ്മറ്റി അംഗത്തിന് എതിരെ കര്‍ശന നടപടി വേണമെന്ന് ഒരു വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റ് ചില പരാതികളും ഇവര്‍ ഉന്നയിച്ചു.