സിപിഎം വര്‍ഗീയവാദികള്‍ക്ക് എതിര്: ഹിന്ദുക്കള്‍ക്ക് എതിരല്ല: പറയുന്നത് ആര്‍.എസ്.എസിന് എതിരേയാണെന്നും എം.വി. ഗോവിന്ദന്‍

0 second read
Comments Off on സിപിഎം വര്‍ഗീയവാദികള്‍ക്ക് എതിര്: ഹിന്ദുക്കള്‍ക്ക് എതിരല്ല: പറയുന്നത് ആര്‍.എസ്.എസിന് എതിരേയാണെന്നും എം.വി. ഗോവിന്ദന്‍
0

കോന്നി: ആര്‍.എസ്.എസിനെപ്പറ്റി മിണ്ടിയാല്‍ ഹിന്ദുക്കള്‍ക്ക് എതിരെയെന്നും പറഞ്ഞ് സൈബര്‍ അറ്റാക്ക് വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം വകയാര്‍ മേരിമാതാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയ്ക്ക് എതിരെയാണ് സി.പി.എം പറയുന്നത്. വിശ്വാസികള്‍ ഒരിക്കലും വര്‍ഗീയ വാദികള്‍ അല്ല. ഹിന്ദുക്കള്‍ക്ക് എതിരല്ല സി.പി.എം. പക്ഷേ,  ആര്‍.എസ്.എസിന് എതിരാണ്. എം. ടി വാസുദേവന്‍ നായര്‍ എന്ന മഹാനായ എഴുത്തുകാരന് എതിരെ പോലും ആര്‍.എസ്.എസ്, ജമാ അത്ത് വര്‍ഗീയ വാദികള്‍ സൈബര്‍ ആക്രമണം നടത്തി. പാര്‍ട്ടിക്കെതിരിരെ ഒപ്പിടാന്‍ കുറെപ്പേര്‍ എം.ടിയുടെ അടുത്തു ചെന്നപ്പോള്‍ അതിന് അദ്ദേഹം തയ്യാറായില്ല. സി.പി.എം ഇല്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ലന്നാണ് അന്ന് എം.ടി. പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, ജമാഅത്തെ വോട്ടു കൊണ്ടാണ് യു.ഡി.എഫ് വിജയിച്ചത്. 4000-5000 വരെ വോട്ടുകള്‍ ചില മണ്ഡലങ്ങളിലുണ്ട്. ജനാധിപത്യ മനസിനെ കളങ്കപ്പെടുത്താന്‍ സി.പി.എം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശില്‍പി ഡോ.അംബദ്ക്കര്‍ക്ക് എതിരായ കടന്നാക്രമണമാണ് രാജ്യത്ത് നടക്കുന്നത്. മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണഘടന കൊണ്ടുവരാന്‍ ബി.ജെ.പി നീക്കം തുടങ്ങി. എല്ലാ മേഖലയിലും ആര്‍.എസ്.എസ് തലവന്‍മാരെ പ്രതിഷ്ഠിക്കുന്നു. 37 ശതമാനം വോട്ടുള്ള ബി.ജെ.പിയെ തേല്‍പ്പിക്കാനാകും. ഫലപ്രദമായ ഇടപെടല്‍ നടത്തണം. രണ്ടു ശതമാനം വോട്ടുകൂടി ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ചിത്രം മാറുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇതിന് താല്‍പര്യമില്ല. മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. പള്ളികള്‍ നിന്ന സ്ഥലത്ത് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവഷണം നടത്തുകയാണ് ബി.ജെ.പി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കികൊണ്ടിരിക്കുകയാണ് അവര്‍. കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകാ സംസ്ഥാനമാണ്. വമ്പിച്ച മാറ്റമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. വിഴിഞ്ഞം തുറമുഖം വന്നത് വലിയ വളര്‍ച്ച ഉണ്ടാക്കും. ഈ നവകേരളത്തിന്റെ ഭാഗമാകണം ഓരോരുത്തരും. മൂന്നാം ടേമിലേക്കുള്ള യാത്രയെക്കുറിച്ചുള്ള ആലോചനയിലാണ് നാം. എന്നാല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴേ അടി തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതംസംഘം ചെയര്‍മാന്‍ പി.ജെ.അജയകുമാര്‍, മന്ത്രിമാരായ കെ.എന്‍..ബാലഗോപാല്‍, വി.എന്‍. വാസവന്‍, വീണാജോര്‍ജ്, കെ.രാധാക്യഷ്ണന്‍ എം.പി, കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍, പി.കെ. ശ്രീമതി, പി. സതീദേവി, സി. എസ്. സുജാത, കെ.കെ.ജയചന്ദ്രന്‍, പുത്തലത്ത് ദിനേശന്‍, കെ.പി .ഉദയഭാനു, രാജു ഏബ്രഹാം, ശ്യാംലാല്‍, ടി.ഡി.ബൈജു, ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. 30 ന് ഭാരവാഹികളെയും പുതിയ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുക്കും. വൈകിട്ട് ചുവപ്പ് സേന മാര്‍ച്ച്. തുടര്‍ന്ന് പ്രകടനം. കോന്നി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 301 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…