
തിരുവല്ല: സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായ തിരുവല്ലയില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറിയെ നീക്കി. ലോക്കല്‍ സമ്മേളന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കടക്കം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.കെ.കൊച്ചുമോനെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്. താല്‍ക്കാലിക ചുമതല ഏരിയ കമ്മിറ്റി അംഗം ജനു മാത്യുവിന് നല്‍കി. സിപിഎം തിരുവല്ല ഘടകത്തിലെ വിഭാഗീയത ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിന്റേതാണ് തീരുമാനം. വിഭാഗീയതയെ തുടര്‍ന്ന് ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം രണ്ട് തവണ മാറ്റിവെച്ചിരുന്നു. തടസ്സപ്പെട്ട ലോക്കല്‍ സമ്മേളനത്തില്‍ വിതരണം ചെയ്ത റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം ചോര്‍ന്നത്. സമ്മേളനം വീണ്ടും ഒമ്പതിന് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ ശേഷവും വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് വി. ആന്റണിക്ക് താക്കീത് നല്‍കിയത്. ഒമ്പതാം തീയതിയും സമ്മേളനം നടക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആശങ്കയുണ്ട്. വിഭാഗീയ പ്രവര്‍ത്തനം വീണ്ടും ഉണ്ടാവാനുള്ള സാധ്യത പാര്‍ട്ടി തള്ളിക്കളയുന്നില്ല. അതിനാല്‍ തന്നെ ഒമ്പതാം തീയതി പുതിയ കമ്മിറ്റിയെ മാത്രം തിരഞ്ഞെടുക്കുന്ന തരത്തിലേക്ക് സമ്മേളനം ചുരുങ്ങാന്‍ ഇടയുണ്ട്.