പത്തനംതിട്ട: എന്നിട്ടും നമ്മളെങ്ങനെ പൊട്ടി സഖാവേ? പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാനിറങ്ങി തെരഞ്ഞെടുപ്പില്‍ പൊട്ടിപ്പോളീസായ സിപിഎം ക്യാമ്പില്‍ നിന്നുയരുന്ന ചോദ്യമാണിത്. ആര്‍ക്കും ഉത്തരമില്ല. ഭരണ സംവിധാനങ്ങള്‍ ഒപ്പം നിന്നപ്പോള്‍ കള്ളവോട്ടുകളും ആവോളം ചെയ്തു. എന്നിട്ടും സന്ദേശം സിനിമയിലെ ഉത്തമനെപ്പോലെ അവര്‍ പരസ്പരം ചോദിക്കുന്നു, എന്നാലും നമ്മളെങ്ങനെ പൊട്ടി?
വര്‍ഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാന്‍ സിപിഎം ഭരണത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും എടുത്തിരുന്നു. പക്ഷേ, അവസാന നിമിഷ കണക്കു കൂട്ടല്‍ തെറ്റിച്ചത് പൊലീസ് ആണെന്ന് വേണം കരുതാന്‍. ജില്ലയില്‍ മറ്റു സ്ഥലങ്ങളിലെല്ലാം ബാങ്ക് ഭരണം പിടിക്കാന്‍ വേണ്ടി പൊലീസ് കണ്ണടിച്ചിരുന്നു. ഇവിടെ അതു നടന്നില്ല. ലാത്തിച്ചാര്‍ജ് ചെയ്യുകയും ചെയ്തു. ബൂത്തു പിടുത്തം അടക്കമുള്ള കാര്യങ്ങള്‍ നടക്കാതെ വന്നതാണ് സിപിഎമ്മിന്റെ പരാജയത്തിന് കാരണമായിരിക്കുന്നത്. മാത്രവുമല്ല, യുഡിഎഫുകാരും കള്ളവോട്ടിന്റെ ആനുകൂല്യം മുതലെടുത്തുവെന്ന് വേണം കരുതാന്‍.
ഞായറാഴ്ച രാവിലെ മാര്‍ത്തോമ്മ സ്‌കൂളില്‍ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ കള്ളവോട്ട് ആരോപണം ഉയര്‍ന്നു. സിപിഎം കള്ളവോട്ടിനായി ആളെ ഇറക്കിയെന്നാരോപിച്ച് യുഡിഎഫ് രംഗത്തു വരുന്നു. പിന്നാലെ അടിപൊട്ടുന്നു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നു. ഇരുഭാഗത്തും കുറേപ്പേര്‍ക്ക് അടി കിട്ടി. ചിലര്‍ക്ക് തലയ്ക്കടിയേറ്റു. എന്തായാലും മത്സരിച്ചാണ് കള്ളവോട്ട് നടന്നത്. വിജയം ഉറപ്പിച്ച് സിപിഎം അണികള്‍ ആഹഌദ പ്രകടനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഫലം വന്നപ്പോഴാണ് രസം. ഒന്നൊഴികെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. ഭരണവും നിലനിര്‍ത്തി. സിപിഎമ്മില്‍ നിന്ന് വിജയിച്ച ഏക അംഗമാകട്ടെ മുന്‍പുള്ള ഭരണ സമിതിയില്‍ യുഡിഎഫ് പ്രതിനിധി ആയിരുന്നയാളും.
ഇരുഭാഗത്ത് നിന്നും കള്ളവോട്ട് ഉണ്ടായെന്നാണ് പറയുന്നത്. പക്ഷേ, യഥാര്‍ഥ നിക്ഷേപകര്‍ നിലവിലുള്ള ഭരണ സമിതിക്ക് വോട്ടുചെയ്തുവെന്ന് വേണം കരുതാന്‍. ഒപ്പം ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ തന്ത്രപരമായ നീക്കം കാരണം ബൂത്ത് പിടുത്തവും ഇവിടെ നടക്കാതെ പോയി. പൊലീസ് പക്ഷം പിടിക്കാതെ നിന്നതും സിപിഎമ്മിന് തിരിച്ചടിയായി. പ്രതീക്ഷിച്ച സഹായം സഹകരണ വകുപ്പ് ജീവനക്കാരുടെ പക്ഷത്ത് നിന്നും കിട്ടിയിട്ടുമില്ലെന്ന് വേണം കരുതാന്‍. രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങിയതു മുതല്‍ വൈകിട്ട് നാലിന് അവസാനിക്കും വരെ ഇടവിട്ട് യു.ഡി.എഫ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രാവിലെ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, യൂത്ത് കോണ്‍ഗ്രസ് ഓമല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍, ആല്‍ഫിന്‍, കെവിന്‍ തുടങ്ങി നിരവധി പേര്‍ക്ക് പരുക്കേറ്റു.ഇവര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ആന്റോ ആന്റണി എം.പി സന്ദര്‍ശിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി വൈസ് പ്രസിഡന്റുമായ അനില്‍ തോമസിന് മര്‍ദ്ദനമേറ്റു.
വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ നിരവധി വാഹനങ്ങളില്‍ കള്ള വോട്ട് ചെയ്യിക്കാന്‍ സി.പി.എം ആളകളെ എത്തിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സി.പി.എം കള്ളവോട്ടു ചെയ്തിട്ടും യു.ഡി.എഫിന് ജയിക്കാനായി. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടന്നു. സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ പത്തനംതിട്ട റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം നിയന്ത്രിച്ചതെന്നും ഡി.സി.സി നേതൃത്വം ആരോപിച്ചു. പൊലീസിലെ സി.പി.എം ഫ്രാക്ഷനില്‍ പെട്ടവരെ ബൂത്തിലും പുറത്തും നിയോഗിച്ചു. കള്ളവോട്ട് ചോദ്യം ചയ്തതിനാണ് പൊലീസ് ലാത്തിക്ക് അടിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഫലപ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫ് നഗരത്തില്‍ ആഹഌദ പ്രകടനം നടത്തി. അഞ്ച് പതിറ്റാണ്ടിലേറെയായി യു.ഡി.എഫ് ഭരണത്തിലാണ് പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക്.
വിജയികളും ലഭിച്ച വോട്ടും: ആര്‍. അഖില്‍ കുമാര്‍ (1774), അഡ്വ. അനില്‍ തോമസ് (1824), അന്‍സര്‍ മുഹമ്മദ് (1732), എ. ഫറൂക്ക് (1706), അഡ്വ. എ. സുരേഷ് കുമാര്‍ (1775), ആനി സജി (1879), ആന്‍സി തോമസ് (1771), സജിനി മോഹന്‍ (1759), സി.കെ അര്‍ജുനന്‍ (2057), ഏബല്‍ മാത്യു നിക്ഷേപ മണ്ഡലം (1958) എല്ലാവരും യു.ഡി.എഫ്. കെ.ആര്‍. അജിത്കുമാര്‍, എല്‍.ഡി.എഫ് (1653).