തിരുവല്ല: വിവാഹം നിശ്ചയിച്ച യുവാവ് ഗുണ്ടയാണെന്ന് അറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്മാറി. ഇതോടെ നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ ഗുണ്ടാ നേതാവിന് സിപിഎം നേതാവിന്റെ കൈ അയച്ച സഹായം. ഏരിയാ കമ്മറ്റിയംഗമായ നേതാവ് താന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി വിനയചന്ദ്രനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ച് ഗുണ്ടാനേതാവിനെ വാഴ്ത്തിപ്പാടി. വിവരം അറിഞ്ഞ ലോക്കല്‍ സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി വന്നത് തന്റെ പേര് പറഞ്ഞ് മറ്റാരോ ആണെന്ന് അറിയിച്ചു. ഒടുവില്‍ ആളെ പിടികിട്ടി. മധ്യസ്ഥതയ്ക്ക് പോയത് ഏരിയാ കമ്മറ്റി അംഗമാണ്. ഇയാള്‍ക്കെതിരേ പാര്‍ട്ടി നടപടി എടുക്കും. സംഭവം തിരുവല്ലയിലാണ് നടന്നത്.
തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബു എന്ന് വിളിക്കുന്ന പ്രകാശ് ബാബുവാണ് ലോക്കല്‍ സെക്രട്ടറി ചമഞ്ഞു വിവാഹം നടത്താന്‍ ശ്രമിച്ചത്. പോക്‌സോ അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണ് നെടുമ്പ്രം ലോക്കല്‍ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരില്‍ പ്രകാശ് ബാബു ആള്‍മാറാട്ടം നടത്തിയത്.
ഈ മാസം എട്ടാം തീയതി അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ തിരുവല്ല സ്വദേശിയായ ഒരു ബന്ധു വഴി യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്ന് പ്രകാശ് ബാബു വിനയചന്ദ്രന്‍ എന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് ലഭിച്ച വിവരം തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു.
തന്റെ പേരില്‍ മറ്റാരോ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ വിനയചന്ദ്രന്‍ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി വിനയ ചന്ദ്രനെയും കൂട്ടി നേരിട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം പുറത്തായത്. തുടര്‍ന്നാണ് പ്രകാശ് ബാബുവിനെതിരെ സിപിഎം ഏരിയ കമ്മിറ്റി ഏകാംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കിഴക്കന്‍ മുറി സ്വദേശിയില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ നിലവില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന ആളാണ് പ്രകാശ് ബാബു.