കടുത്ത വിഭാഗീയത: സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി തെറിച്ചു

0 second read
Comments Off on കടുത്ത വിഭാഗീയത: സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി തെറിച്ചു
0

പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ തിരുവല്ലയിലെ സിപിഎമ്മില്‍ നേരിട്ട് ഇടപെട്ട് സംസ്ഥാന നേതൃത്വം സി.പി.എം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയെ നീക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഫ്രാന്‍സിസ് വി. ആന്റണിക്കെതിരേ ഉയര്‍ന്ന നിരവധി പരാതികളേ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ആര്‍. പ്രസാദ്, ആര്‍. അജയകുമാര്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു.

ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു കാലയളവു മുതലുള്ള പരാതികളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിക്കു വോട്ട് മറിച്ചു നല്‍കാന്‍ നിര്‍ദേശിച്ചതടക്കമുള്ള പരാതികള്‍ കമ്മിഷന്‍ മുന്‍പാകെ എത്തിയിരുന്നു. തിരുവല്ലയിലെ വിവിധ വിഷയങ്ങളില്‍ ഏരിയാ സെക്രട്ടറിയുടെ നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുളവാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു.
ചുമത്രയിലെ സജിമോനെതിരായ പീഡന പരാതിയില്‍ അയാള്‍ക്ക് അനുകൂലമായ നിലപാട് ഫ്രാന്‍സിസും സംഘവും സ്വീകരിച്ചിരുന്നു. ഫ്രാന്‍സിസും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആര്‍. സനല്‍കുമാറുമായി നേര്‍ക്കു നേര്‍ യുദ്ധം നടന്നിരുന്നു. ഇരുവരും പരസ്പരം പണി കൊടുക്കുന്നതിന്റെ ഭാഗമായി വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഫ്രാന്‍സിസിന്റെ ഭാര്യ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്തത് വിവാദമായപ്പോള്‍ സനല്‍ നിലംനികത്തുന്നുവെന്ന ആക്ഷേപം ഉയര്‍ത്തിയാണ് പക വീട്ടിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് സജിമോന്റെ പീഡന വിഷയവും വിവാദമാക്കിയത്.

2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്പിക്കുന്നതിനായി ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടപ്ര പഞ്ചായത്ത് എട്ടാം വാര്‍ഡായ പരുമലയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി മോളിക്കുട്ടിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തതായാണ് ആരോപണം. സി.പി.എം. ശക്തി കേന്ദ്രത്തില്‍ മോളിക്കുട്ടി 350 വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു. സ്ഥാനാര്‍ഥിക്കെതിരെ ഏരിയാ സെക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയടക്കം മേല്‍ഘടകത്തിന് പരാതി നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റി ഈ വിഷയത്തില്‍ അന്വേഷണ കമ്മിഷനേയും നിയോഗിച്ചിരുന്നു. പരുമല ഉഴത്തില്‍ ബ്രഞ്ച് അംഗമാണ് മോളിക്കുട്ടി. ഇവരെ അടക്കം ചില അംഗങ്ങളെ ഒരു മാസം മുമ്പ് ബ്രാഞ്ചില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് പഴയ വിഷയം വീണ്ടും ചൂടുപിടിച്ചത്. ജില്ലാ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ബുധനാഴ്ച നടപടി ഉണ്ടായിരിക്കുന്നത്. ജില്ലാക്കമ്മിറ്റി അംഗം സതീഷ്‌കുമാറിനാണ് ഏരിയാ സെക്രട്ടറിയുടെ ചുമതലയെന്ന് അറിയുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…