കോന്നി: അടവിയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഭരണപ്പാര്‍ട്ടിക്കാരുടെ ക്രൂരവിനോദം. കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടായി യൂണിയനുകളുടെ തമ്മിലടി. തണ്ണിത്തോട്ടിലെ സിപിഐസിപിഎം പോരാണ് അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും വിലങ്ങു തടിയാകുന്നത്. ഇടപെട്ട വനപാലകര്‍ക്ക് നേരെ സിപിഎം ലോക്കല്‍ സെക്രട്ടറി വക ഭീഷണിയും.
വനം വകുപ്പും തൊഴിലാളി യൂണിയനുകളുമായി തര്‍ക്കം ഉടലെടുത്തതോടെ സംസ്ഥാനത്തെ പ്രമുഖ എക്കോ ടുറിസം കേന്ദ്രമായ അടവിക്ക് അനിശ്ചിത കാലത്തേക്ക് പൂട്ട് വീണു. സംസ്ഥാനത്തു് കുട്ടവഞ്ചി സവാരി നടക്കുന്ന വനമേഖലയിലെ അടവിയിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്. ഗവി,അടവി, ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോര്‍ത്തിണക്കിയുള്ള വിശദമായ പദ്ധതിനടപ്പിലാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സമരവും അടച്ചുപൂട്ടലും ഉണ്ടായിരിക്കുന്നത്.
റെഡ് അലേര്‍ട്ട് കാരണം ഏതാനും ദിവസം മുന്‍പ് അടച്ചപ്പോള്‍ തന്നെ ഇവുടുത്തെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍ ആയിരുന്നു. നേരത്തെ എഐടി യുസിയില്‍ പെട്ട തൊഴിലാളികള്‍ മാത്രമാണ് കുട്ടവഞ്ചി തുഴച്ചില്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അടുത്തിടെ സിഐടിയുവും യൂണിറ്റ് ഉണ്ടാക്കി. ഇവര്‍ ഇവിടെ കൊടിമരം സ്ഥാപിച്ചു. ഇത് വനമേഖലയാണെന്നും കൊടിമരം നീക്കണമെന്നും വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ യൂണിയന്‍കാര്‍ ഇതിനു തയ്യാറായില്ല. തുടര്‍ന്നുണ്ടായ നീക്കങ്ങളാണ് അടച്ചു പൂട്ടലിലേക്ക് എത്തിയത്.
സിഐടിയു യൂണിയന്‍കാര്‍ നടത്തിയ സമരത്തില്‍ പ്രസംഗിച്ച സിപിഎം ലോക്കല സെക്രട്ടറി പ്രവീണ്‍ പ്രസാദ് ജീവനക്കാരുടെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കി. തങ്ങള്‍ക്ക് ജോലി സുരക്ഷിതത്വം ഇല്ലെന്നും പോലീസ് കേസെടുക്കുന്നില്ലെന്നും പറഞ്ഞ് ജീവനക്കാര്‍ വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ആകര്‍ഷകമായ ഗാര്‍ഡന്‍, റസ്‌റ്റോറന്റ്, വ്യൂ ഡെക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂള്‍, വാട്ടര്‍ കിയോസ്‌ക്, ജംഗിള്‍ ലോഡ്ജില്‍ ഡോര്‍മെറ്ററിയുംമുറികളും, വിശാലമായ പാര്‍ക്കിംഗ് ഏരിയ, പാതയോര ഭക്ഷണശാല തുടങ്ങിയവയൊക്കെയും നിര്‍മ്മിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു.
ഇനി തുറന്നാല്‍ തന്നെ വീണ്ടും പഴയ രീതിയിലേക്ക് വരാന്‍ ഏറെ സമയം വേണ്ടിവരും. കുട്ടവഞ്ചികള്‍ക്ക് പ്രായം ഏറിയതോടെ കഴിഞ്ഞ ദിവസമാണ് 25 എണ്ണം പുതുതായി വന്നത്. ഇതില്‍ ടാറും മറ്റും പുരട്ടി വെള്ളത്തില്‍ ഇറക്കാന്‍ പണികള്‍ നടക്കുകയാണ്.ഇതിനി എപ്പോള്‍ എന്നും കണ്ടറിയണം. അതേ സമയം, സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ സമരത്തില്‍ നിന്നും പതുക്കെ പിന്മാറുകയാണ്. കുട്ടവഞ്ചി സവാരി നടക്കുന്നത് ഇവര്‍ എതിര്‍ക്കുന്നില്ല. സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചാല്‍ നാണക്കേടുണ്ടാകുമെന്ന് കരുതി നിശബ്ദരായി ഇരിക്കാനാണ് ഇവരുടെ നീക്കം.