കടമ്പനാട്: പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനം നടപ്പാക്കിയതിന്റെ പേരില്‍ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരേ പാര്‍ട്ടിയില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സമരം. 12-ാം വാര്‍ഡ് അംഗം സിന്ധുവിനെതിരേയാണ് തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തിയത്. പേരിനൊരു ബിജെപി അനുഭാവിയെയും ഉള്‍ക്കൊള്ളിച്ചായിരുന്നു സമരം.
ശുചീകരണ ദിനാചരണത്തില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെ അടുത്ത ജോലിക്കായുള്ള മസ്റ്റര്‍ റോളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നത് പഞ്ചായത്ത് കമ്മറ്റി തീരുമാനമായിരുന്നുവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കമ്മറ്റി തീരുമാന പ്രകാരം 12-ാം വാര്‍ഡിലെ 15 തൊഴിലാളികളുടെ പേര് മസ്റ്റര്‍ റോളില്‍ നിന്ന് നീക്കി. 12-ാം വാര്‍ഡായ പാണ്ടിമലപ്പുറത്ത് 14 ദിവസം നടക്കുന്ന തൊഴില്‍ ദിനങ്ങളില്‍ ഉള്‍പ്പെടേണ്ടവരുടെ പേരാണ് മസ്റ്റര്‍ റോളില്‍ നിന്ന് ഒഴിവാക്കിയത്.
തൊഴില്‍ ചെയ്യാനാകാതെ മടങ്ങിയ തൊഴിലാളികള്‍ പരാതിയുമായി പഞ്ചായത്തില്‍ ചെന്നെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും അടുത്ത ജോലിക്ക് എസ്റ്റിമേറ്റ് തയാറാക്കട്ടെ എന്നായിരുന്നു മറുപടി. ഇനി ഇവര്‍ക്ക് തൊഴില്‍ ദിനം കിട്ടണമെങ്കില്‍ മൂന്നു മാസമെങ്കിലും വേണ്ടി വരും. ഈ സുവര്‍ണാവസരം വാര്‍ഡ് മെമ്പര്‍ക്കെതിരേ തിരിച്ചു വിടുകയാണ് സിപിഎം ഏരിയാ നേതൃത്വവും ചില പഞ്ചായത്തംഗങ്ങളും ചെയ്തതെന്ന് പറയുന്നു. പഞ്ചായത്ത് കമ്മറ്റിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ അടക്കം എടുത്ത തീരുമാനമാണ് നടപ്പാക്കിയത് എന്ന് വാര്‍ഡ് മെമ്പറും പറയുന്നു.
അതേ സമയം, പാര്‍ട്ടിയിലെ ചില നേതാക്കളും ചില പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്നാണ് കുത്തിത്തിരുപ്പ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് സൂചന. പഞ്ചായത്ത് കമ്മറ്റി ശക്തമായ നിലപാട് എടുക്കുന്നതാണ് സിന്ധുവിനെതിരേ ഇവര്‍ തിരിയാന്‍ കാരണമെന്നും പറയപ്പെടുന്നു.