
കൊച്ചി: സഹോദരന്റെ ഭാര്യയുടെ പേരിലുള്ള ഷെയര്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തുവെന്ന പരാതിയില്‍ അങ്കമാലി മൂലന്‍സ് ഫാമിലി മാര്‍ട്ട് ഉടമകളായ സാജു മൂലന്‍, ജോസ് മൂലന്‍, ജോയ് മൂലന്‍ എന്നിവര്‍ക്കും ഇവരുടെ ഭാര്യമാര്‍ക്കുമെതിരേ എറണാകുളം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷണം തുടങ്ങി. മൂവരുടെയും മൂത്ത സഹോദരനായ വര്‍ഗീസ് മൂലന്റെ ഭാര്യ മാര്‍ഗരറ്റിന്റെ പേരിലുണ്ടായിരുന്ന മൂലന്‍സ് എക്‌സിം ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഷെയറുകള്‍ ഭര്‍ത്താവിന്റെ സഹോദരന്മാരും ഭാര്യമാരും ചേര്‍ന്ന് കള്ളയൊപ്പിട്ട് കൈക്കലാക്കിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് മാര്‍ഗരറ്റ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും രജിസ്ട്രാര്‍ ഓഫ് കമ്പനീസിനും പരാതി നല്‍കിയിരുന്നു. ഒപ്പ് വ്യാജമായി ഇട്ട് ഷെയറുകള്‍ കൈമാറ്റം ചെയ്തുവെന്നായിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്ന് ലഭിച്ച രേഖ. ഇത് സംബന്ധിച്ച് കൂടുതല്‍ അനേ്വഷണം വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്‍ പ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വര്‍ഗീസ് മൂലന്റെ 50 കോടിയുടെ സ്വത്തുക്കള്‍ വ്യാജഒപ്പിട്ട് സഹോദരങ്ങള്‍ തട്ടിയെടുത്തുവെന്ന് മറ്റൊരു കേസ് ക്രൈംബ്രാഞ്ച് എക്കണോമിക്‌സ് ഒഫന്‍സ് വിങ് അന്വേഷിച്ചിരുന്നു. കേസിന് സിവില്‍ സ്വഭാവമാണെന്ന് കാട്ടി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി അന്വേഷണം അവസാനിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസ് മൂലന്‍ പറവൂര്‍ സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും മൂലന്‍സ് ഫാമിലി മാര്‍ട്ട് ഉടമകളുടെ എല്ലാ വസ്തുക്കളും കോടതി അറ്റാച്ച് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇവരുടെ പിതാവ് ദേവസ്യ മൂലന്‍ എറണാകുളം ആര്‍ബിട്രേഷന്‍ ട്രിബ്യൂണലില്‍ 2014 ല്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും തന്നെ കബളിപ്പിച്ചാണ് മൂത്ത മകനായ വര്‍ഗീസിന്റെ സ്വത്തുക്കള്‍ മറ്റ് മക്കള്‍ ചേര്‍ന്ന് തട്ടിയെടുത്തതെന്നും പറയുന്നുണ്ട്.
ഇതിന് പുറമേ 60 കോടിയുടെ ഹവാലപ്പണം സൗദിയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് സാജു മൂലന്‍, ജോസ് മൂലന്‍, ജോയ് മൂലന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഇ.ഡി അന്വേഷണം നടന്നു വരികയാണ്. ഒരു വര്‍ഷമായി നടന്നു വരുന്ന അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. സൗദിയില്‍ സ്‌പോണ്‍സറുടെ കാര്‍ മോഷ്ടിച്ചു വിറ്റതിന്റെ പേരില്‍ ജോസ് മൂലനെതിരേ കേസ് നടക്കുന്നുണ്ട്.
വസ്തുതാ വിരുദ്ധമായി വാര്‍ത്ത പ്രചരിപ്പിച്ച കേരള കൗമുദിക്കും ഓണ്‍ലൈന്‍ പോര്‍ട്ടലിനും വക്കീല്‍ നോട്ടീസ്
ഭൂമി തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കേരളകൗമുദി ദിനപത്രത്തിനും അങ്കമാലിയിലെ പ്രാദേശിക ഓണ്‍ലൈന്‍ ചാനലിനുമെതിരേ വര്‍ഗീസ് മൂലന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. അതിന് ശേഷം വര്‍ഗീസ് മൂലന്‍ കോടതിയെ സമീപിച്ചതും എതിര്‍കക്ഷികളുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്തതുമൊക്കെ മറച്ചു വച്ചുവെന്ന് ആരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകന്‍ ഡി. അനില്‍കുമാര്‍ മുഖേനെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.