എല്‍ഡിഎഫ് ഭരിക്കുന്ന മലയാലപ്പുഴ സര്‍വീസ് സഹകരണ സംഘത്തില്‍ കോടിയുടെ ക്രമക്കേട്: സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

0 second read
Comments Off on എല്‍ഡിഎഫ് ഭരിക്കുന്ന മലയാലപ്പുഴ സര്‍വീസ് സഹകരണ സംഘത്തില്‍ കോടിയുടെ ക്രമക്കേട്: സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
0

പത്തനംതിട്ട: നിരവധി വര്‍ഷങ്ങളായി സിപിഎം നേതൃത്വം കൊടുത്ത എല്‍ഡിഎഫ് ഭരിക്കുന്ന മലയാലപ്പുഴ സര്‍വീസ് സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേട്. ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ഗ്രൂപ്പ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കുന്ന സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കൂടിയായ ഷാജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സെക്രട്ടറി വിരമിക്കുന്നതോടെ സംഘത്തിന് വരുന്ന സാമ്പത്തിക ബാധ്യതയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കൂടി പങ്കാളിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് കണ്ടാണ് തിരക്കിട്ട് ഓഡിറ്റിങ് നടത്തി ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതീവ രഹസ്യമാക്കി വച്ചിരുന്ന വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ വീണ്ടും സിപിഎം നേതൃത്വം വെട്ടിലായി.

ക്രമരഹിതമായും വഴിവിട്ടും നല്‍കിയ വായ്പയാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പലപ്പോഴായി നടന്നിട്ടുള്ള ക്രമക്കേടുകള്‍ ഭരണ സമിതിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലുള്ളത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രതിനിധികളാണ്. സി.ഐ.ടി.യു നേതാവ് ജയപ്രകാശ് ആണ് നിലവിലെ ബാങ്ക് പ്രസിഡന്റ്. സ്ഥിര നിക്ഷേപത്തില്‍ നിന്നും അല്ലാതെയും നിരവധി പേര്‍ക്ക് വഴിവിട്ടു വായ്പ നല്‍കിയതായി ഗ്രൂപ്പ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം. 70 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിരിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും ഒരു കോടിയോളം വരുമെന്ന് സംഘവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പ്യൂട്ടര്‍ സോഫ്ട്‌വെയറില്‍ തിരുത്തലുകളും തിരിമറിയും നടത്തിയിട്ടുണ്ട്. വായ്പ കൊടുത്തത് ആര്‍ക്കാണെന്ന കാര്യത്തില്‍ പോലും അവ്യക്തതയുണ്ട്. പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗമായ ഷാജി വര്‍ഷങ്ങളായി ബാങ്കിന്റെ സെക്രട്ടറിയാണ്. നിരവധി വര്‍ഷങ്ങളായി എല്‍.ഡി.എഫ് മുന്നണിയാണ് ബാങ്ക് ഭരിക്കുന്നത്. ഇടക്കാലത്ത് ബാങ്കിന്റെ പേരില്‍ തുടങ്ങിയ സമത സൂപ്പര്‍മാര്‍ക്കറ്റ് ഭീമമായ നഷ്ടത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്നു. നിക്ഷേപത്തുക, ദിന ചിട്ടിയില്‍ നിന്നുള്ള വരുമാനം എന്നിവ എടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട നിലയിലേക്ക് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നാണ് സൂചന. നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് പാര്‍ട്ടിയും ഡയറക്ടര്‍ ബോര്‍ഡും സെക്രട്ടറിയെ കൈയൊഴിഞ്ഞത്. സെക്രട്ടറിക്കെതിരേ സ്വീകരിച്ച നടപടി മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു കാരണം സഹകരണ സംഘം ഉദ്യോഗസ്ഥര്‍ പോലും പ്രതികരിക്കാന്‍ മടിക്കുകയാണ്. സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും തുടര്‍ നടപടി എന്താണെന്ന് അറിയില്ലെന്നുമാണ് കോന്നി സഹകരണ സംഘം അസി. രജിസ്ട്രാര്‍ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം.

ജില്ലയില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ഒന്നൊഴിയാതെ തകര്‍ച്ചയിലാണ്. അതു കൊണ്ടു തന്നെ കള്ളവോട്ട് ചെയ്ത് ഭരണം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഗുണ്ടായിസവുമാണ് പ്രയോഗിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വലിയൊരു സംഘം തന്നെ കള്ളവോട്ടിനായി രംഗത്തുണ്ട്. എവിടെ സഹകരണ സംഘം തെരഞ്ഞെടുപ്പ് നടന്നാലും ബസില്‍ ഈ സംഘത്തെ ഇറക്കി കള്ളവോട്ട് ചെയ്ത് ഭരണം പിടിക്കുന്നതാണ് രീതി.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…