പ്രകൃതി ക്ഷോഭമുണ്ടായാല്‍ ക്രഷര്‍ യൂണിറ്റ് ജീവന് ഭീഷണിയാകാം: മനുഷ്യാവകാശ കമ്മിഷന്‍

0 second read
Comments Off on പ്രകൃതി ക്ഷോഭമുണ്ടായാല്‍ ക്രഷര്‍ യൂണിറ്റ് ജീവന് ഭീഷണിയാകാം: മനുഷ്യാവകാശ കമ്മിഷന്‍
0

പത്തനംതിട്ട: പ്രകൃതി ക്ഷോഭമോ മറ്റോ ഉണ്ടായാല്‍ കോന്നി പയ്യനാമണ്ണില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റ് ജീവന് ഭീഷണിയാണെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പരാതിക്കാരനെയും പാറമട ഉടമയെയും നേരില്‍ കേട്ട് രമ്യമായി പരിഹരിക്കാന്‍ കഴിയാവുന്നതാണോ എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ദുരന്തനിവാരണ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കി.

മല്ലേലില്‍ ഇന്‍ഡസ്ട്രീസ് എന്ന ക്രഷര്‍ യൂണിറ്റിനെതിരെ പയ്യനാമണ്‍ സ്വദേശി ശ്രീകാന്ത് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കോന്നി തഹസില്‍ദാര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാറമടയിലെ മേല്‍മണ്ണ് നീക്കി രാസവസ്തു ഉപയോഗിച്ച് പൊട്ടിക്കുന്നത് കാരണം കുന്നിന്‍ മുകളിലുള്ള പരാതിക്കാരന്റെ വീടിന് ഭീഷണിയുള്ളതായി പറയുന്നു. മഴക്കാലത്ത് മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കോന്നിത്താഴം വില്ലേജ് ഓഫീസര്‍ കമ്മിഷനെ അറിയിച്ചു.

കോന്നി തഹസില്‍ദാറുമായി നടന്ന ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്ന ക്രഷര്‍ ഉടമ അതില്‍ നിന്ന് പിന്‍വാങ്ങിയെന്നും പാറമടയുടെ മുകള്‍ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കണമെന്നും മണ്ണും കല്ലു നീക്കം ചെയ്യുന്നത് തടയണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ കോന്നി തഹസില്‍ദാര്‍ക്കും പരിസ്ഥിതി എന്‍ജിനീയര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ക്രഷര്‍ യൂണിറ്റില്‍ ശബ്ദ, പരിസ്ഥിതി മലിനീകരണം നടക്കുന്നില്ലെന്നും അടുത്ത വര്‍ഷം വരെ പ്രവര്‍ത്തനാനുമതിയുണ്ടെന്നും മലീനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മിഷനെ അറിയിച്ചു. എന്നാല്‍ പരാതിക്കാരന്റെ വീട് നില്‍ക്കുന്നത് ചെങ്കുത്തായ പ്രദേശത്താണെന്നും മഴക്കാലമായാല്‍ ഇടിഞ്ഞുവീഴുവാന്‍ സാധ്യതയുണ്ടെന്നും കോന്നി തഹസില്‍ദാര്‍ ആവര്‍ത്തിച്ചു. പാറമടയില്‍ പാറ പൊട്ടിച്ചാല്‍ പരാതിക്കാരന്റെ വീടിന് ഭീഷണിയുണ്ടാവുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാറമടയിലെ ജലമലിനീകരണം സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…