റാന്നി: സീതത്തോട് കൊച്ചുകോയിക്കലില്‍ റോഡരികില്‍ നിന്ന് അവശനിലയില്‍ കിട്ടിയ പുലിക്കുഞ്ഞിനെ വിദഗ്ധ ചികില്‍സ നല്‍കി തിരികെ വനത്തില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് അപ്പര്‍ മൂഴിയാര്‍ ഭാഗത്താണ് തുറന്നു വിട്ടത്. വെള്ളിയാഴ്ച്ച വളരെ അവശതയില്‍ റോഡരികില്‍ പുലിക്കുട്ടിയെ കണ്ട വിവരം നാട്ടുകാരാണ് വനപാലകരെ അറിയിച്ചത്.
കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ പുലിക്കുട്ടിയെ വല ഉപയോഗിച്ച് പിടിച്ചു. തുടര്‍ന്നു നടത്തിയ വൈദ്യ പരിശോധനയില്‍ പുലിക്കുട്ടിക്ക് വൈറസ് രോഗം പിടിപെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. വനം വകുപ്പ് ഡോക്ടര്‍ ശ്യാമിന്റെ നേതൃത്വത്തില്‍ നല്‍കിയ ചികില്‍സ ഫലിച്ചതോടെ തുറന്നു കാട്ടില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു.