കട്ടപ്പന: തമിഴ്‌നാട് ബസുകളെല്ലാം ഫാസ്റ്റ് പാസഞ്ചര്‍. ഓടുന്നതാകട്ടെ ഒച്ചിഴയും വേഗത്തിലെന്ന് യാത്രക്കാരുടെ ആക്ഷേപം. കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്ന് നെടുങ്കണ്ടം, കട്ടപ്പന, മൂന്നാര്‍, കുമളി സര്‍വീസ് നടത്തുന്ന തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസുകളാണ് ഫാസ്റ്റ് പാസഞ്ചര്‍ എന്ന പേരില്‍ നിരങ്ങി നീങ്ങുന്നത്.
കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ബസുകളില്‍ മിക്കവയും കണ്ടം ചെയ്യേണ്ട സമയം കഴിഞ്ഞു. ഫാസ്റ്റ് പാസഞ്ചര്‍ നിരക്കാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. എന്നാല്‍, സാധാരണ വാഹനം ഓടിയതിന്റെ ഇരട്ടി സമയം കൊണ്ടാണ് ഇവ ഓടിയെത്തുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതും തകിടുകള്‍ പൊട്ടിപ്പൊളിഞ്ഞതും, വൃത്തിഹീനവുമായാണ് വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ യാത്ര ചെയ്യുന്ന ഈ ബസുകള്‍.
സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ബസുകൂടെ പരിശോധിക്കാത്തതു സംബന്ധിച്ച് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പുളിയന്മല കൊടുംവളവുകള്‍ വഴിയുള്ള അപകടപാതകളിലൂടെയാണ് ഈ ബസുകള്‍ വരുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം കുമളിയില്‍ നിന്നും മധുരയിലേക്ക് പുറപ്പെട്ട ബസിന്റെ ബ്രേക്ക് തകരാറായി. ലോവര്‍ പെരിയാറിന് സമീപമുള്ള വേളാങ്കണ്ണി മാതാ പള്ളിക്ക് സമീപം എത്തിയപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ അറിയുന്നത്. വിവരം യാത്രക്കാരോടും കണ്ടക്ടറോടും ഡ്രൈവര്‍ പറഞ്ഞു. ചിലര്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് റോഡിലേക്ക് ചാടി. ആളുകള്‍ ചാടുന്നതു കണ്ടു കൊണ്ട് നിന്നവര്‍ കല്ലുകള്‍ കൊണ്ട് തട വച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.