പത്തനംതിട്ട: പ്രസ്ഥാനത്തിന്റെ ജീര്‍ണതകള്‍ തുറന്നു പറയുന്നവര്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കുകയും അവര്‍ വേട്ടയാടപ്പെടുകയും ചെയ്യുമെന്ന് നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. പ്രഫ. എന്‍. സുഗതന്‍ എഴുതിയ സുപാര്‍ശ്വന്റെ സ്വയം വിമര്‍ശനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം വൈ.എം.സി.എ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പണ്ടും ഇപ്പോഴും അത് തുടരുന്നു. ചാത്തുണ്ണി മാസ്റ്റര്‍ പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹത്തെ നിരന്തരംവേട്ടയാടി കൊണ്ടിരുന്നു. അങ്ങനെ പലരുമുണ്ട്. അതിഭീകരമായ വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നത്.
മാസപ്പടി വാങ്ങിയാല്‍ പോലും ഇപ്പോള്‍ യാതൊന്നും സംഭവിക്കില്ല. ഒരു കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു പ്രഫ. എം. എന്‍. വിജയന്‍. പിന്നീട് അദ്ദേഹം അനഭിമതനായി മാറി. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ എന്നറിയപ്പെട്ടവര്‍ പോലും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്ത് തുടരെ ലേഖനങ്ങള്‍ എഴുതി. ശിഷ്യന്‍മാര്‍ പലരും ആര്‍ഭാട ജീവിതങ്ങളിലേക്ക് വഴിമാറുകയും ചെയ്തു. വിമര്‍ശനങ്ങള്‍ അരോചകമാകുന്ന കാലമാണിത്. സ്തുതിപാഠകരുടെ കാലവുമാണ്. സത്യങ്ങള്‍ വിളിച്ചു പറയാനുള്ള ആര്‍ജവമാണ് നമുക്ക് വേണ്ടത്. കവിതയെ ജനകീയമാക്കിയ കടമ്മനിട്ടയെന്ന കവിയെ വികൃതമാക്കുന്ന തരത്തിലുള്ള ശില്‍പങ്ങളാണ് തനിക്ക് കടമ്മനിട്ടയില്‍ കാണാന്‍ കഴിഞ്ഞത്.
അവിടുത്തെ പൊട്ടിപൊളിഞ്ഞ ശില്‍പ ങ്ങള്‍ കവിതയെ വികൃതവല്‍ക്കരിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡോ.ബി. പാര്‍വതി പുസ്തകം ഏറ്റുവാങ്ങി. എ.വി. പവിത്രന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. വര്‍ഗീസ് ജോര്‍ജ്, സി. ഗൗരീദാസന്‍ നായര്‍, ഫാ. മാത്യു ഡാനിയല്‍, വത്സലന്‍ വാതുശേരി, അനില്‍ വള്ളിക്കോട് എന്നിവര്‍ പ്രസംഗിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു.