പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. മൂഴിയാര്‍, കാരികയം, മണിയാര്‍ ഡാമുകള്‍ തുറന്നു. പക്ഷേ, ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗുരുതരമായ അലംഭാവം ദുരന്ത നിവാരണ അതോറിട്ടിയുടെയും പി.ആര്‍.ഡിയുടെയും ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. ഇന്നലെ വൈകിട്ട് 5.30 നാണ് മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് 190 മീറ്റര്‍ ആയതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി.ആര്‍.ഡി ഈ വിവരം മാധ്യമങ്ങളെ അറിയിക്കുന്നത് രാത്രി ഏഴിനാണ്.
വൈകിട്ട് 6.30 ന് തന്നെ മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 40 സെ.മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ശക്തമായ വെള്ളം വരവിനെ തുടര്‍ന്ന് രാത്രി എട്ടുമണിയോടെ മണിയാര്‍ ബാരേജിന്റെ രണ്ടു ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വീതം ഉയര്‍ത്തി. കക്കാട്ടാറ്റില്‍ മണിയാര്‍ ബാരേജിനു മുകളിലുള്ള കാരിക്കയം ഡാമില്‍ വിവിധ ഷട്ടറുകള്‍ ആകെ ആറര മീറ്റര്‍ ഉയര്‍ത്തി 300 ക്യു.മീറ്റര്‍ വെള്ളം തുറന്നു വിട്ടു. മൂഴിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിപ്പും എത്തി. ഇതോടെ കൂടുതല്‍ വെള്ളം കാരിക്കയം, മണിയാര്‍ ഡാമുകളില്‍ നിന്നും പുറം തള്ളേണ്ടി വരും. കാരിക്കയത്തും മണിയാര്‍ കാര്‍ബറാണ്ടത്തിലും പരമാവധി വൈദ്യുതോത്പാദനം നടത്തുന്നുമുണ്ട്. എന്തായാലും കക്കാട്ടാറ്റിലും തുടര്‍ന്നു പമ്പാനദിയിലും അടുത്ത മണിക്കുറുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
ഒന്നാം തീയതിയും സമാനമായ വീഴ്ച ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റില്‍ അടക്കം ഗുരുതരമായ വീഴ്ച സംഭവിച്ചു. അന്ന് മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്ന വിവരം മാധ്യമങ്ങള്‍ക്ക് പി.ആര്‍.ഡി വൈകിയാണ് നല്‍കിയത്. അപ്പോഴേക്കും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടര്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. സ്വകാര്യ ഡാമായ അള്ളുങ്കല്‍, കാരികയം അവരുടെ ഷട്ടര്‍ അഞ്ച് സെന്റിമീറ്റര്‍ ഉയര്‍ത്തി. മണിയാര്‍ ബാരേജും തുറന്നു വിട്ടിരുന്നു. മൂന്നു ഡാമുകള്‍ തുറന്നു വിട്ടു കഴിഞ്ഞപ്പോള്‍ റെഡ് അലര്‍ട്ട് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് രാത്രി 11 ന് കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് പോലും മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്നായിരുന്നു.
ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കാതെ മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ ഫ്‌ളാഷ് ന്യൂസ് നല്‍കിയത് കാരണമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. വലിയ വീഴ്ചയാണ് ദുരന്ത നിവാരണ അതോറിട്ടിയും പി.ആര്‍.ഡി അടക്കമുള്ള സംവിധാനങ്ങളും അലര്‍ട്ട് പ്രഖ്യാപിക്കുന്ന വിവരം പൊതുജനങ്ങളില്‍ എത്തിക്കുന്നതില്‍ കാണിക്കുന്നത്. 2018 ലെ മഹാപ്രളയ കാലഘട്ടത്തില്‍ വിവരങ്ങള്‍ പി.ആര്‍.ഡി കൃത്യമായി എത്തിച്ചുവെങ്കിലും ഡാം തുറന്നത് ജില്ലാ ഭരണകൂടം അറിയാതെ പോയതാണ് വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.