
പത്തനംതിട്ട: എസ്പിയുടെ ഡാന്‍സാഫ് ടീം. ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന കുറ്റവാളികള്‍ക്ക് പിന്നാലെ നിഴല്‍ പോലെ എപ്പോഴുമുണ്ടാവും ഇവര്‍. ആത്മധൈര്യം കൈമുതലാക്കി ഏതുസമയത്തും നിതാന്ത ജാഗ്രതയോടെ കര്‍ത്തവ്യ നിരതരാവുന്ന പോലീസ് സംഘം- ഡാന്‍സാഫ്.
ലഹരിയുല്‍പ്പന്നങ്ങളുടെ കൃഷി, കച്ചവടം, കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, സ്വന്തം നിലയ്ക്കും ഇതര വകുപ്പുകളുമായി ചേര്‍ന്നും പ്രത്യേകപരിശോധനകള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍. ഡാന്‍സാഫിന്റെ മുന്‍ഗാമിയാണ് സംസ്ഥാന തലത്തില്‍ രൂപീകൃതമായ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് (എഎന്‍എസ്). ജില്ലയില്‍ ഡാന്‍സാഫ് (ഡിസ്ട്രിക്റ്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) രൂപീകരിച്ചത് 2016 ലാണ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇപ്പോള്‍ സംഘത്തില്‍ ഒരു എസ്.ഐയും എട്ടു പോലീസ് ഉദ്യോഗസ്ഥരുമാണുള്ളത്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കുന്ന ഈ പ്രത്യേക വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ലഹരിയുടെ വക്താക്കള്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു. ഡാന്‍സാഫ് സംഘം ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ സമീപകാലത്ത് ഏറെ മുന്നേറിയതായി കണക്കുകള്‍ കാണിക്കുന്നു.
ഇടയ്ക്കിടെ നടത്താറുള്ള ‘ഡി ഹണ്ട് ‘ എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷന്‍ ഫെബ്രുവരി 22 ന് ആരംഭിച്ചത് ഇപ്പോഴും ജില്ലയില്‍ തുടരുകയാണ്.
മാര്‍ച്ച് 31 ന് അവസാനിച്ച കാലയളവില്‍ ജില്ലയില്‍ പോലീസ് നടത്തിയ റെയ്ഡുകളില്‍ ആകെ 2893 പേരെയാണ് പരിശോധിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട് 258 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 263 പേരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും 6.571 ഗ്രാം എംഡിഎംഎയും 3.657 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ബീഡി വലിച്ച 228 പേരെയും പിടികൂടി. റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും, ലഹരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാര്‍ പറഞ്ഞു.
ഈവര്‍ഷം ഇതുവരെ പിടികൂടിയത് 0.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ ആകെ 17 കിലോയോളം കഞ്ചാവും ആറു ഗ്രാം ഹാഷിഷ് ഓയിലും 3.67 ഗ്രാം എംഡിഎംഎയും, 1.01 ഗ്രാം ബ്രൗണ്‍ ഷുഗറുമാണ്. കഴിഞ്ഞവര്‍ഷമാകട്ടെ 48 കിലോയിലധികം കഞ്ചാവും 11 ഗ്രാം ബ്രൗണ്‍ ഷുഗറും 11. 950 ഗ്രാം എംഡിഎം എയും പ്രതികളില്‍ നിന്നും കണ്ടെടുത്തു.
116 കിലോയോളം കഞ്ചാവും 1.045 കിലോ ഹാഷിഷ് ഓയിലും 0.965 കിലോ ചരസും 3.60 ഗ്രാം ഹെറോയിനും 513.640 ഗ്രാം എം ഡി എം എ യുമാണ് 2023 ല്‍ പിടികൂടിയത്. തൊട്ടു മുമ്പത്തെ കൊല്ലം ആകെ 35.5 കിലോയോളം കഞ്ചാവ്, 36 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു കഞ്ചാവ് ചെടി, 169.596 ഗ്രാം എം ഡി എം എ എന്നിങ്ങനെയും പിടിച്ചെടുത്തു.
കഞ്ചാവ്, എം ഡി എം എ ലഹരി ഉല്‍പ്പന്നങ്ങളുടെ അളവിന്റെയും തൂക്കത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നത് ചെറുത്, ഇടത്തരം, വ്യാവസായികം എന്നിങ്ങനെ. കഞ്ചാവിനെ സംബന്ധിച്ചാണെങ്കില്‍ ചെറിയ അളവ് എന്നത് ഒരു കിലോയില്‍ താഴെയാണ്. ഒന്നിനും 20 കിലോയ്ക്കും ഇടയില്‍ ഇടത്തരവും 20 നുമുകളില്‍ വ്യാവസായിക അളവുമാണ്. എം.ഡി.എം.എ ആവട്ടെ, .5 ഗ്രാമിന് താഴെ ചെറുത്, .5 മുതല്‍ 10 ഗ്രാം വരെ ഇടത്തരം, അതിന് മുകളില്‍ വ്യാവസായികം എന്നിങ്ങനെയാണ് ഇനം തിരിയ്ക്കുക.