മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് പകല്‍ക്കൊളള: 86 കോടി ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കും

0 second read
Comments Off on മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് പകല്‍ക്കൊളള: 86 കോടി ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കും
0

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച അന്വേഷണവും തുടര്‍ നടപടിയും സഹകരണ വകുപ്പ് കടുപ്പിക്കുന്നു. വിവിധ തരത്തിലായി നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുഴുവന്‍ അന്വേഷണവും പൂര്‍ത്തിയാകുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി നൂറു കോടി കവിയുമെന്നാണ് സൂചന.

86.12 കോടിയുടെ വായ്പാ തട്ടിപ്പില്‍ ബാങ്കിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്നും അവരുടെ ബാധ്യത എത്രയാണെന്നും കണ്ടെത്തുന്നതിനുമുള്ള സര്‍ചാര്‍ജ് അന്വേഷണം നടത്താന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. വകുപ്പ് 68(1) പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് കോന്നി അസിസ്റ്റന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മുന്‍ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങള്‍ എന്നിവരില്‍ നിന്നെല്ലാമായി തുക കൃത്യമായി ഈടാക്കും. എന്നാല്‍, പണം തങ്ങളുടെ കൈയില്‍ നിന്ന് ഈടാക്കാനുള്ള നീക്കത്തിന് തടയിടാന്‍ ഇവര്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്‍ സെക്രട്ടറി ഭാര്യയുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്ഥലവും വീടും മകളുടെ പേരില്‍ വിലയാധാരം നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസ് വന്നതിന് ശേഷമുള്ള കൈമാറ്റമായതു കൊണ്ടു തന്നെ ഇത തിരികെ പിടിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. മാത്രവുമല്ല, വിലയാധാര പ്രകാരം വസ്തു വിറ്റപ്പോള്‍ കിട്ടിയ പണം എവിടെ നിക്ഷേപിച്ചുവെന്നതും അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തേണ്ടി വരും.

അതിനിടെ, ഭരണസമിതി പിരിച്ചുവിട്ടതിന് ശേഷമുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പരിശോധന ബാങ്കില്‍ ആരംഭിച്ചിട്ടുണ്ട്. പല ഇടപാടുകളിലും വ്യാപക ക്രമക്കേടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായി 89 ബിനാമി വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ബാങ്കുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ പരിശോധിച്ചതില്‍ പ്രതിദിന വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്ന ഡേ ബുക്ക് ഒരു വര്‍ഷത്തിലധികമായി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. പ്രതിദിന ലോണ്‍, ഡെപ്പോസിറ്റ് എന്നിവ തരം തിരിച്ച് സൂക്ഷിക്കുന്ന ബുക്കാണിത്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി അറിയാനാകൂവെന്ന് ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി ജോയിന്റ് രജിസ്ട്രാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷമാകും കിട്ടാനുള്ള കുടിശിക തിരിച്ചു പിടിക്കുന്ന നടപടികള്‍ ആരംഭിക്കുക.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സാധാരണക്കാര്‍ക്ക് ടോക്കണ്‍ വെച്ച് 2000 രൂപ വീതം നല്‍കുമ്പോഴും കുറച്ചാളുകള്‍ക്ക് മാത്രം വലിയ തുക നല്‍കിയതായും കണ്ടെത്തി. അതിനിടെ, പത്തനംതിട്ട പോലീസ് എടുത്ത കേസ് െ്രെകബ്രാഞ്ചിന് കൈമാറുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതുവരെ മാറ്റമുണ്ടായിട്ടില്ല. എഫ്‌.െഎ. ആര്‍. രജിസ്റ്റര്‍ ചെയ്തതല്ലാതെ കാര്യമായി അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ മുന്‍ സെക്രട്ടറി ജോഷ്വാമാത്യു, ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി പത്തനംതിട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായും സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയും ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ളവര്‍ക്ക് നിയമ വിരുദ്ധമായി വായ്പ നല്‍കി എന്ന കുറ്റത്തിനാണ് കേസ്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം മരവിപ്പിക്കുന്നതിന് പിന്നില്‍ സി.പി.എം ഇടപെടലാണെന്ന സൂചന പോലീസ് തന്നെ നല്‍കുന്നു. എഫ്.ഐ.ആര്‍ ഇട്ടതിന് പിന്നാലെ കടുത്ത ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്‌സ് ഒഫന്‍സ് വിങ് അന്വേഷിക്കുന്ന കേസിലും ഇത്തരം ഇടപെടലിന് ശ്രമം നടന്നു. എന്നാല്‍, അന്വേഷണ സംഘം നേരിട്ട് ഹൈക്കോടതിയില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അട്ടിമറി ശ്രമം പൊളിഞ്ഞു. മുന്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടെങ്കിലും ഇയാള്‍ പറഞ്ഞ സമയത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല.
ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ കേരളാ കോണ്‍ഗ്രസുകാരനായിരുന്നു. ഇദ്ദേഹം സി.പി.എമ്മില്‍ ചേര്‍ന്ന ഏരിയാ കമ്മറ്റി അംഗമായതിന് പിന്നാലെയാണ് മൈലപ്ര ബാങ്ക് തട്ടിപ്പ് പുറത്തു വന്നത്.

ഇതോടെ ഇദ്ദേഹത്തെ സംരക്ഷിക്കേണ്ട ചുമതല സി.പി.എമ്മിനായി. മൈലപ്രയിലെ പ്രാദേശിക സി.പി.എം നേതൃത്വം ജെറിക്കെതിരേ സമരം തുടങ്ങി. ഒടുവില്‍ രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചാണ് പ്രാദേശിക തലത്തിലുള്ള അസംതൃപ്തി താല്‍ക്കാലികമായി ശമിപ്പിച്ചത്. ജെറി ഏരിയാ കമ്മറ്റി അംഗമായതോടെ ഒരു ബാങ്ക് തട്ടിപ്പ് കൂടി സി.പി.എമ്മിന്റെ തലയില്‍ വന്നു ചേരുകയായിരുന്നു. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു കോണ്‍ഗ്രസുകാരനാണ്. എന്നാല്‍, അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യതയും സി.പി.എമ്മിനായി. ജോഷ്വാ വാ തുറന്നാല്‍ പാര്‍ട്ടിക്കും വലിയ കുഴപ്പം നേരിടേണ്ടി വരുമെന്ന് കണ്ടാണ് ഇയാള്‍ക്ക് വേണ്ടിയും നിലപാട് എടുക്കേണ്ടി വന്നത്.
ജില്ലയില്‍ സി.പി.എം ഭരിക്കുന്ന മിക്ക സഹകരണ സംഘങ്ങളും അഴിമതിയും ക്രമക്കേടും കാരണം തകര്‍ച്ചയിലാണ്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…