കുവൈറ്റ് അപകടത്തില്‍ മരിച്ച പത്തനംതിട്ട ജില്ലക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു: കണ്ണീരോടെ മുരളീധരന് യാത്രാമൊഴി

0 second read
Comments Off on കുവൈറ്റ് അപകടത്തില്‍ മരിച്ച പത്തനംതിട്ട ജില്ലക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു: കണ്ണീരോടെ മുരളീധരന് യാത്രാമൊഴി
0

പത്തനംതിട്ട: കുവൈറ്റില്‍ തീ പിടുത്തത്തില്‍ മരിച്ച ജില്ലയില്‍ നിന്നുള്ള ആറു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ രാവിലെ എത്തിച്ച മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ശേഷം ജില്ലാ അതിര്‍ത്തിയായ എഴിഞ്ഞില്ലത്ത് വച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

വാഴമുട്ടം സ്വദേശി മുരളീധരന്റെ മൃതദേഹം സംസ്‌കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടത്തി. പന്തളം സ്വദേശി ആകാശ് ശശിധരന്റെ ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസിന്റെ മൃതദേഹം ചായലോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം 17ന് നടക്കും. മല്ലപ്പള്ളി സ്വദേശി സിബിന്‍ ടി. എബ്രഹാമിന്റെ മൃതദേഹം മല്ലപ്പള്ളി മാത്തന്‍ മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. സംസ്‌കാരം 17ന്.

തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് സി. ഉമ്മന്‍, നിരണം സ്വദേശിയും പാണ്ടനാട് ഇപ്പോള്‍ താമസക്കാരനുമായ മാത്യു തോമസ്, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തോമസ് സി. ഉമ്മന്റെ സംസ്‌കാരം നാളെ നടക്കും. മാത്യുജോര്‍ജിന്റെ സംസ്‌കാരം 17നാണ്. വാഴമുട്ടം സ്വദേശി മുരളീധരന്റെ സംസ്‌കാര ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പങ്കെടുത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കുവൈറ്റിലെ തീപിടുത്തത്തില്‍ മരിച്ച വാഴമുട്ടം പുളിനില്‍ക്കും വടക്കേതില്‍ പി. വി. മുരളീധരന്‍ നായരുടെ മൃതദേഹം വൈകുന്നേരം നാലോടെയാണ് വീട്ടിലെത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും നോര്‍ക്ക റൂട്‌സിന്റെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കുടംബാംഗങ്ങള്‍ മാത്രമല്ല നാട്ടുകാരും വിങ്ങിപ്പൊട്ടി. ജനാവലി ഒഴുകിയെത്തി. സാമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ജനത്തിരക്ക് നിയന്ത്രിക്കുവാന്‍ പോലീസ് സുരക്ഷാ വലയം ഒരുക്കി. എം.എല്‍.എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി.അജിത്, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് അഞ്ചരയോടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോള്‍ അലമുറയിട്ട ഭാര്യ ഗീതയെയും മക്കളെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഏറെ പാടുപെട്ടു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…