
പത്തനംതിട്ട: തീര്‍ഥാടന പാതയില്‍ പുരുഷന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നുവെന്നാണ് സംശയിക്കുന്നതെങ്കിലും അതിനുള്ള ലക്ഷണം പ്രത്യക്ഷത്തില്‍ ഇല്ലെന്നാണ് പൊലീസ് നിഗമനം. നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ എംആര്‍ കവലയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.
ഇന്നലെ രാത്രി നിലയ്ക്കലിനും ഇലവുങ്കലിനുമിടയില്‍ ആനയുടെ ശല്യം ഉണ്ടായിരുന്നു. പൊലീസും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് സുരക്ഷയൊരുക്കിയാണ് തീര്‍ഥാടകരെ കടത്തി വിട്ടിരുന്നത്. ആനയുടെ ചവിട്ടേറ്റ് അയ്യപ്പഭക്തന്‍ മരിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, മരിച്ചയാള്‍ തീര്‍ഥാടകന്‍ അല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നിലയ്ക്കല്‍ ഭാഗങ്ങളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളാണ്. ആനയുടെ ചവിട്ട് കൊണ്ടതു പോലെയുള്ള ലക്ഷണങ്ങള്‍ മൃതദേഹത്തിലില്ല. ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്നും സംശയിക്കുന്നുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.