റാന്നി: പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. വെച്ചൂച്ചിറ ചാത്തന്‍തറ ഡി.സി.എല്‍ പടി കരിങ്ങാമാവില്‍ അരവിന്ദിന്റെ( സുമേഷ്) ഭാര്യ ടെസി സോമന്റെ(ജെനി29) മൃതദേഹമാണ് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം മുങ്ങല്‍ വിദഗ്ധ സംഘം നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തത്. ഈരാറ്റുപേട്ടയില്‍ നിന്നും ടീം എമര്‍ജന്‍സി കേരള എന്ന സംഘവും അഗ്‌നിശമന സേനയുടെ റാന്നി യൂണിറ്റും ചേര്‍ന്നാണ് തെരച്ചിലില്‍ നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടാണ് അരുവിയില്‍ ഏറ്റവും ആഴമുള്ള ഭാഗത്തായി യുവതി ചാടിയത്. അഗ്‌നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപത്തെ പാറക്കെട്ടില്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന യുവതി പെട്ടെന്ന് വെള്ളച്ചാട്ടത്തിലേക്കു എടുത്തു ചാടുകയായിരുന്നു. തൊട്ടടുത്തുള്ള റിസോര്‍ട്ടില്‍ നിന്നും യുവതി ഫോണ്‍ ചെയ്യുന്നതും വെള്ളത്തിലേക്ക് ചാടുന്നതുമായ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
വെച്ചൂച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍, എസ്.ഐ സായി സേനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധന്‍ രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം നാലാംമൈലിലെ വസതിയില്‍ മൃതദേഹം സംസ്‌കരിക്കും. ഏക മകള്‍:അതുല്യ.