പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്നു സഹപാഠികളും അറസ്റ്റില്‍: വൈകിട്ട് കോടതിയില്‍ ഹാജരാക്കും

0 second read
Comments Off on പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്നു സഹപാഠികളും അറസ്റ്റില്‍: വൈകിട്ട് കോടതിയില്‍ ഹാജരാക്കും
0

പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു.പത്തനാപുരം കുണ്ടയം കൊഴുവക്കാട് വടക്കേതില്‍ അലീന ദിലീപ്(22), ചങ്ങനാശേരി തുരുത്തി തകിടിയേല്‍ എ.ടി. അഷിത(22), കോട്ടയം അയര്‍ക്കുന്നം കൊണ്ടാന്നൂര്‍ വാലുമേല്‍ കുന്നില്‍ അഞ്ജന മധു(22) എന്നിവരെയാണ് ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവ് താഴെവെട്ടിപ്രത്തെ എസ്.എസ്.എസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരുക്കറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ് ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. അമ്മു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് അഖില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോളജ് അധികൃതരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും നടപടി സംശയകരമാണ്. തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത് എന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതു കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പരുക്കേറ്റ അമ്മുവുമായി എത്തിയവരില്‍ ആരോ ആകാം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞതെന്നും അഖില്‍ പറഞ്ഞു.

സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു.

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലും ചികിത്സ നല്‍കുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവര്‍ത്തിക്കുന്നത്. അമ്മുവിന്റെ സഹോദരന്‍ അഖിലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെണ്‍കുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. ക്ലാസില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ഭിന്നത കാരണമായി. അതിനിടെ, പോലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…