അടൂര്‍: സമരത്തിനെത്തിയ ജനക്കൂട്ടം പോലീസുകാരുമായി മല്‍പ്പിടുത്തം നടത്തി ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ ഒറ്റയ്ക്ക് തടയുന്ന പൊലീസുകാരി. ഒരു പറ്റം പുരുഷന്മാരുടെ ഗുസ്തിക്ക് മുന്നില്‍ അടച്ചിട്ട ഗേറ്റും തള്ളിപ്പിടിച്ച് ഏറെ നിന്ന് ഹീറോയിനായത് അടൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദീപയാണ്.
ഇന്ന് രാവിലെ അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയാണ് ദീപയുടെ ഒറ്റയാള്‍ പോരാട്ടം നടന്നത്. സിപിഎമ്മിനു വേണ്ടി സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളില്‍ കള്ളവോട്ടും മറ്റു ക്രമക്കേടുകളും നടത്തി ഭരണം അട്ടിമറിക്കുന്ന സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആയിരുന്നു മാര്‍ച്ച്. റവന്യൂ ടവറിന്റെ ഗേറ്റ് അടച്ച് പോലീസ് സമരക്കാരെ ഉള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചു. എണ്ണത്തില്‍ കുറവുള്ള പോലീസും സമരക്കാരുമായി ഉന്തും തള്ളുമായി. രണ്ടു കൂട്ടരും തമ്മിലുള്ള തള്ളിനിടെ ഗേറ്റ് തുറക്കുമെന്നായപ്പോഴാണ് ദീപ ഒറ്റയ്ക്ക് ഇവരെ തടഞ്ഞത്.
ചിറ്റാര്‍ മണിയാര്‍ സ്വദേശിനിയാണ് ദീപ. പൊലീസ് കുടുംബത്തില്‍ നിന്നാണ് ദീപയുടെ വരവ്. മൂത്ത സഹോദരന്‍ സജി എസ്‌ഐയാണ്. രണ്ടാമത്തെ സഹോദരന്‍ അനില്‍ എഎസ്‌ഐയും. കായംകുളത്താണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. ഭര്‍ത്താവ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍. ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ ദീപയ്ക്കും കഴിഞ്ഞയിടെ പരുക്കേറ്റിരുന്നു. ഒറ്റയ്ക്കുള്ള ദീപയുടെ പ്രതിരോധത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.