അമിതകൂലി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല: അയ്യപ്പഭക്തനെ ഡോളിയില്‍ നിന്ന് ഇറക്കി വിട്ടു: നാലു തൊഴിലാളികള്‍ അറസ്റ്റില്‍

0 second read
Comments Off on അമിതകൂലി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല: അയ്യപ്പഭക്തനെ ഡോളിയില്‍ നിന്ന് ഇറക്കി വിട്ടു: നാലു തൊഴിലാളികള്‍ അറസ്റ്റില്‍
0

ശബരിമല: പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോകാന്‍ അയ്യപ്പന്മാരോട് അമിത കൂലി ആവശ്യപ്പെടുകയും, വിസമ്മതിച്ചപ്പോള്‍ ഇറക്കി തിരിച്ചു വിടുകയും ചെയ്ത നാലു ഡോളി തൊഴിലാളികളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു.

കുമളി ചെങ്കര പുതുവല്‍ മൂങ്ങലാര്‍ എസ്‌റ്റേറ്റില്‍ സെല്‍വം(56), ഡിവിഷന്‍ രണ്ടില്‍ താമസം സെന്തില്‍ കുമാര്‍ (37), കച്ചമ്മല്‍ എസ്‌റ്റേറ്റ് ലയത്തില്‍ പ്രസാദ് (33 ), തെക്കേമുറിയില്‍ വീട്ടില്‍ വിപിന്‍ (37), എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ പുലര്‍ച്ചെ ഒന്നോടെ നീലിമല കയറ്റത്തിന്റെ തുടക്കത്തില്‍ സന്നിധാനത്തേക്ക് പോകാന്‍ എത്തിയ അയ്യപ്പഭക്തനില്‍ നിന്ന് പ്രതികള്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഡോളിയില്‍ നിന്നും ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ കുറിച്ചുള്ള വിവരം പമ്പ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ 2023ലെ 308 (3), 3(5) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഡോളിയും പ്രതികളെയും കസ്റ്റഡിയിലെടുത്തു. നിലവില്‍ ദേവസ്വം ബോര്‍ഡ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ടും നല്‍കി.

അയ്യപ്പന്മാരില്‍ നിന്ന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച നിരക്ക് ഒരു വശത്തേക്ക് 3250 രൂപയും ഇരുവശത്തേക്കും 6500 രൂപയുമാണ്. ഇതില്‍ കൂടുതല്‍ ഈടാക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ പറഞ്ഞു. അയ്യപ്പഭക്തര്‍ക്കെതിരായ എല്ലാത്തരം ചൂഷണങ്ങളും തടയുന്നതിനാവശ്യമായ പരിശോധനകളും മറ്റും പോലീസ് തുടരുകയാണ്.

നിലവില്‍ 1750 ഓളം ഡോളി തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെയും മറ്റും അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവ കൃത്യമായി കാണത്തക്ക വിധത്തില്‍ ധരിക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ പമ്പയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഡോളിയില്‍ ഭക്തരെ കൊണ്ടു പോകുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന്, ആവശ്യക്കാര്‍ക്ക് ഡോളി ബുക്ക് ചെയ്യുന്നതിനും തുക അടയ്ക്കുന്നതിനുമായി പ്രീപെയ്ഡ് കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ജയശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ കൈക്കൊണ്ടത്.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

എണ്‍പതുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം: എഴുപത്തിനാലുകാരനെ അറസ്റ്റ് ചെയ്ത് കോന്നി പോലീസ്‌

കോന്നി: കിടപ്പുരോഗിയായ എണ്‍പതുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ എഴുപത്തിന…