
കൊടുമണ്‍: മറവിരോഗം ബാധിച്ച് കിടക്കുന്നയാളെ ക്രൂരമായി മര്‍ദിച്ച ഹോം നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ തട്ട പറപ്പെട്ടി സന്തോഷ് ഭവനില്‍ ശശിധരന്‍ പിള്ളയെ (60) ആണ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്ന ഹോംനഴ്‌സ് പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിമുക്തഭടനായ ശശിധരന്‍ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ച് കിടപ്പിലാണ്.
ഒന്നര മാസം മുമ്പാണ് വിഷ്ണുവിനെ അടുരിലെ ഏജന്‍സി മുഖേനെ ശശിധരനെ പരിചരിക്കാനായി വീട്ടുകാര്‍ നിയോഗിച്ചത്. ശശിധരന്‍ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകള്‍ പഠിക്കുന്ന സ്ഥലത്തുമാണ്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ശശിധരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കുകയായിരുന്നു. ചാനലുകള്‍ വഴി ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ്് ബന്ധുക്കള്‍ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയത്. ശശിധരന്‍ പിള്ളയ്ക്ക് വീണു പരുക്കേറ്റുവെന്നാണ് വിഷ്ണു ബന്ധുക്കളെ അറിയിച്ചത്. ഒന്നര മാസം മുന്‍പാണ് വിഷ്ണു പരിചരണത്തന് എത്തിയത്. മൂന്നു ദിവസം മുന്‍പാണ് ശശിധരനെ അവശനിലയില്‍ കണ്ടെത്തിയത്.