പമ്പയിലെ പടി: നാലു പോലീസുകാരെ സ്ഥലം മാറ്റി ഡിഐജിയുടെ ഉത്തരവ്: വകുപ്പു തല അന്വേഷണ ചുമതല പത്തനംതിട്ട ഡിസിആര്‍ബി ഡിവൈഎസ്പിക്ക്

0 second read
Comments Off on പമ്പയിലെ പടി: നാലു പോലീസുകാരെ സ്ഥലം മാറ്റി ഡിഐജിയുടെ ഉത്തരവ്: വകുപ്പു തല അന്വേഷണ ചുമതല പത്തനംതിട്ട ഡിസിആര്‍ബി ഡിവൈഎസ്പിക്ക്
0

പത്തനംതിട്ട: മണ്ഡലമകര വിളക്ക് കാലത്ത് കരാറുകാരിലും ഹോട്ടല്‍ നടത്തിപ്പുകാരിലും നിന്ന് പടി സ്വീകരിച്ചതിനെ തുടര്‍ന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ അടക്കം നാലു പോലീസുകാരെ പമ്പ സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണമേഖലാ ഡിഐജി ആര്‍. നിശാന്തിനിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടപടിയുമുണ്ടാകും.

പടി വാങ്ങിയെന്ന് ആരോപണ വിധേയനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് സി. മാത്യു, വിവരം പുറത്തു വിട്ടുവെന്ന് ആരോപിക്കപ്പെടുന്ന എഎസ്‌ഐമാരായ മാനുവല്‍, അജി ജോസ്, സിപിഓ അഭിലാഷ് എന്നിവര്‍ക്കാണ് സ്ഥലം മാറ്റം. സൂരജിനെ അടൂരിലേക്കും മാനുവലിനെ റാന്നിയിലേക്കും അജി ജോസിനെ തിരുവല്ലയിലേക്കും അഭിലാഷിനെ കീഴ്‌വായ്പൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

സാധാരണ മണ്ഡലമകരവിളക്ക് കാലം കഴിഞ്ഞാല്‍ പമ്പയില്‍ കട നടത്തുന്നവരും ടോയ്‌ലറ്റ് സമുച്ചയവും വിരി വയ്ക്കുന്ന സ്ഥലങ്ങളും കരാര്‍ എടുത്തവരും ഹോട്ടല്‍ ഉടമകളും പമ്പ പൊലീസ് സ്‌റ്റേഷനില്‍ പടി നല്‍കുന്ന പതിവുണ്ട്. ഈ പടി താഴെ മുതല്‍ ഉന്നതങ്ങളില്‍ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വീതം വയ്ക്കുകയാണ് ചെയ്യുന്നത്.

കോവിഡ് കാലത്തിന് ശേഷം ഇക്കുറി സമ്പൂര്‍ണമായി നടന്ന തീര്‍ഥാടന കാലത്ത് വന്‍തുകയാണ് പടി ഇനത്തില്‍ കരാറുകാര്‍ പൊലീസിന് നല്‍കിയിരുന്നത്. ഇത് റൈറ്ററായ സൂരജിന് കൈവശമാണ് ഏല്‍പ്പിച്ചിരുന്നത്. കൈവശം പണം വച്ച് സൂരജ് എണ്ണുന്നത് ശ്രദ്ധയില്‍പ്പെട്ട എഎസ്‌ഐ ഇത് എവിടെ നിന്നാണെന്ന് അന്വേഷിച്ചു. താന്‍ പലിശയ്ക്ക് കൊടുത്ത പണം സീസണ്‍ കഴിഞ്ഞപ്പോള്‍ തിരികെ വാങ്ങിയതാണെന്നായിരുന്നു മറുപടി. എന്നാല്‍, ഇത് കരാറുകാരില്‍ നിന്ന് ലഭിച്ച പണമാണെന്ന് വന്നതോടെ സംഭവം വിവാദമായി. ഇതിന്റെ പേരില്‍ പൊലീസ് ചേരിതിരിവുണ്ടായി.

ഇതു സംബന്ധിച്ച വാര്‍ത്ത അവഗണിക്കാനും പൊലീസുകാരെ സംരക്ഷിക്കാനും ഉന്നത തലത്തില്‍ നിന്ന് തന്നെ നിര്‍ദേശം വന്നു. ഈ വിവരവും മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് ജില്ലാപൊലീസ് മേധാവി ഉത്തരവിട്ടു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യം സത്യമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി.

സൂരജ് സി. മാത്യു കരാറുകാരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ഇതു കിട്ടാതെ വന്ന മറ്റു മൂന്നു പേരും ചേര്‍ന്ന് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നുമായിരുന്നു ഡിവൈ.എസ്.പിയുടെ കണ്ടെത്തല്‍. ഇത്തരം വാര്‍ത്തകള്‍ പുറത്തു പോയത് പൊലീസ് സേനയ്ക്കും എസ്പി മുതല്‍ താഴേത്തട്ടു വരെയുളള ഉദ്യോഗസ്ഥര്‍ക്കും നാണക്കേടുണ്ടാക്കി. ഇതേ തുടര്‍ന്നാണ് ഡിഐജി നടപടിക്ക് ശിപാര്‍ശ ചെയ്തത്. സൂരജ് സി. മാത്യുവിനെതിരേ വാച്യാന്വേഷണം നടത്തും. മറ്റു മൂന്നു പേര്‍ക്കുമെതിരേ വിശദമായ അന്വേഷണത്തിനും ഉത്തരവായി. പത്തനംതിട്ട ഡിസിആര്‍ബി ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …