
പമ്പ: പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനെതിരേ വിജിലന്‍സിന്റെയും സംസ്ഥാന ഇന്റലിജന്‍സിന്റെയും അന്വേഷണം. ശബരിമല തീര്‍ഥാടന കാലം കഴിഞ്ഞതിന് പിന്നാലെ കരാറുകാരിലും കട നടത്തിപ്പുകാരിലും നിന്ന് കമ്മിഷന്‍ കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോലീസ്, എക്‌സൈസ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളില്‍ കരാറുകാര്‍ പടി നല്‍കാറുണ്ടെന്ന വിവരം ഇതോടെ പുറത്തു വന്നിരിക്കുകയാണ്. തങ്ങള്‍ കാണിക്കുന്ന ക്രമക്കേടുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിനുളള പ്രതിഫലമാണ് കമ്മിഷന്‍. വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിന് പിന്നാലെ സ്‌റ്റേഷനില്‍ രണ്ടു ചേരികള്‍ രൂപം കൊണ്ടു. വിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഭൂരിഭാഗവും ഒരു ഗ്രേഡ് എസ്‌ഐക്കെതിരേ തിരിഞ്ഞു.
കോവിഡിന് ശേഷം പൂര്‍ണതോതില്‍ ശബരിമല തീര്‍ഥാടനം നടന്നത് ഇക്കുറിയാണ്. അതു കൊണ്ട് തന്നെ വന്‍ വരുമാനമാണ് പല വിധ കരാറുകാര്‍ക്കും സ്ഥാപനം നടത്തിയവര്‍ക്കും ഉണ്ടായത്. കൂടുതല്‍ ഇടപെടല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഇവര്‍ക്ക് നേരെയുണ്ടാകാത്തതിന്റെ ഫലമാണെന്ന് പറയുന്നു വന്‍ തുക പടിയിനത്തില്‍ ഇവര്‍ പോലീസിന് നല്‍കിയെന്നാണ് വിവരം. മുന്‍പൊക്കെ ഇങ്ങനെ ലഭിക്കുന്ന തുക താഴെ മുതല്‍ മുകളില്‍ വരെ പ്രോട്ടോക്കോള്‍ അനുസരിച്ച് പങ്ക് വയ്ക്കപ്പെടും. എന്നാല്‍, ഇക്കുറി അതുണ്ടാകാതിരുന്നതാണ് വിവരം പുറത്ത് വരുന്നതിന ഇടയാക്കിയത്.
കരാറുകാരും കടക്കാരും കമ്മിഷന്‍ തുക ഇക്കുറി ആരോപണ വിധേയനായ പോലീസുകാരനെയാണ് ഏല്‍പ്പിച്ചതെന്ന് പറയുന്നു. ഇങ്ങനെ കിട്ടിയ തുക സ്‌റ്റേഷനില്‍ ഇരുന്ന് എണ്ണുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു എഎസ്‌ഐ വിവരം ഇയാളോട് തിരക്കി. താന്‍ കടക്കാര്‍ക്ക് കുറച്ച് പണം പലിശയ്ക്ക് നല്‍കിയത് തിരിച്ചു കിട്ടിയതാണെന്നായിരുന്നുവത്രേ മറുപടി. വിവരം പുറത്തായതോടെയാണ് വിജിലന്‍സും ഇന്റലിജന്‍സും അന്വേഷണം പ്രഖ്യാപിച്ചത്. പോലീസുകാരനെ രക്ഷിക്കാന്‍ വേണ്ടി ചിറ്റാറില്‍ നിന്നുള്ള ഇടത് നേതാവ് ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്.
പമ്പയിലെ പടി നാട്ടുനടപ്പ്, കൊടുക്കുന്നത് കക്കൂസ് കരാറുകാര്‍ മുതല്‍
തീര്‍ഥാടനകാലം കഴിയുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ കരാറുകാരും കടക്കാരും പടി എത്തിക്കുന്നത് വര്‍ഷങ്ങളായുള്ള നാട്ടു നടപ്പാണത്രേ. ഇത് താഴെ മുതല്‍ മുകളറ്റം വരെ പങ്കിട്ടെടുക്കും. കക്കൂസ് കരാര്‍ എടുത്തവരടക്കം ഇങ്ങനെ പടി എത്തിക്കുന്നു. ഇവര്‍ കാട്ടുന്ന നിയമലംഘനങ്ങള്‍ക്ക് കുട പിടിക്കുന്നതിനാണ് പടി. 10 രൂപയാണ് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് തീര്‍ഥാടകര്‍ നല്‍കേണ്ടത്. പക്ഷേ, കരാറുകാരന്‍ വാങ്ങുന്നത് 30 രൂപ വരെയാണ്. പലപ്പോഴും പോലീസിന് പരാതി കിട്ടും. പക്ഷേ, അത് ചവിട്ടി വച്ചു. വിരി നല്‍കുന്നതിലും ഇതേ തട്ടിപ്പ് നടന്നിരുന്നു. പോലീസിന് ചെന്ന പരാതികളില്‍ നടപടി ഉണ്ടായിട്ടില്ലെന്നും പറയുന്നു. ഇതിനൊക്കെയുള്ള ഉപകാര സ്മരണ പടിയായി സ്‌റ്റേഷനില്‍ എത്തും. ഇക്കുറി അത് ഒരാള്‍ ഒറ്റയ്ക്ക് വിഴുങ്ങിയതാണ് അന്വേഷണത്തിന് കാരണമായിരിക്കുന്നത്.