ശബരിമല: ഭണ്ഡാരത്തിലിട്ട സ്വര്‍ണ വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന് അറസ്റ്റില്‍. ഏറ്റുമാനൂര്‍ വാസുദേവ ക്ഷേത്രത്തിലെ തളി റെജികുമാര്‍ (51)നെയാണ് സന്നിധാനം പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 ന് വൈകിട്ട് ആറരയ്ക്കാണ് ഇതരസംസ്ഥാനത്തു നിന്നുള്ള അയ്യപ്പഭക്തന് വിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം 11 ഗ്രാം സ്വര്‍ണ വള ജുവലറി ബോക്സ് സഹിതം ഭണ്ഡാരത്തിലിട്ടത്. ഇത് ഭണ്ഡാരത്തില് നിന്നെടുത്തത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെജി കുമാര്‍ ആയിരുന്നു. ബോക്സിനുള്ളില്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ആദ്യം ഇയാള്‍ വേസ്റ്റ് ബിന്നിലിട്ടു.
വഴിപാട് സ്വര്‍ണം കാണാതെ വന്നതോടെ ദേവസ്വം അധികൃതര്‍ പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റെജി കുമാര്‍ ജുവലറി ബോക്സ് വേസ്റ്റ് ബിന്നില്‍ ഇടുന്നതും പിന്നീട് അത് അവിടെ നിന്ന് എടുത്തു കൊണ്ടു പോകുന്നതും കണ്ടു. തുടര്‍ന്ന് ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ബോക്സ് കട്ടിലിന്റെ കീഴില്‍ നിന്ന് കണ്ടെടുത്തു. ഇതിനുള്ളില്‍ വഴിപാടായി സമര്‍പ്പിച്ച വളയുമുണ്ടായിരുന്നു. ദേവസ്വം അധികൃതര്‍ നല്കിയ പരാതിയില്‍ സന്നിധാനം പൊലീസ് രാത്രി തന്നെ റെജികുമാറിനെ അറസ്റ്റ് ചെയ്തു.