ശബരീശന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന:സന്നിധാനത്ത് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

0 second read
Comments Off on ശബരീശന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന:സന്നിധാനത്ത് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്
0

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നു ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. തുടര്‍ന്നു തങ്ക അങ്കി ചാര്‍ത്തി ശബരീശനു ദീപാരാധന നടന്നു.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 451 പവന്‍ തൂക്കമുള്ള തങ്ക അങ്കി 1973 ല്‍ നടയ്ക്കു വച്ചത്.
പതിനെട്ടാംപടിക്കു മുകളില്‍ ദേവസ്വംമന്ത്രി വി.എന്‍.വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തങ്കഅങ്കി ഏറ്റുവാങ്ങി. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, എ.ഡി.എം. അരുണ്‍ എസ്. നായര്‍, സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തമിഴ്നാട് ദേവസ്വം വകുപ്പുമന്ത്രി പി.കെ. ശേഖര്‍ബാബുവും തങ്ക അങ്കി ദര്‍ശനത്തിന് എത്തിയിരുന്നു.
തുടര്‍ന്നു സോപാനത്തില്‍വച്ച് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തിയും അരുണ്‍കുമാര്‍ നമ്പൂതിരിയും സഹശാന്തിമാരും ചേര്‍ന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടര്‍ന്നു ഭക്തര്‍ക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ അവസരം ഒരുക്കി.

ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി.എന്‍.വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തിയ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കി. എ.ഡി.എം. അരുണ്‍ എസ്. നായര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി. നാഥ് എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…