
ശബരിമല: വൃത പുണ്യം തണല്‍ തീര്‍ത്ത പൂങ്കാവനത്തിന് സുകൃതദര്‍ശനമായി ഇന്ന് മകരവിളക്ക്. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കാണാനുള്ള കാത്തിരിപ്പാണ് സന്നിധാനത്തും പാണ്ടിത്താവളത്തും പരിസര പ്രദേശങ്ങളിലുമായി ഭക്തലക്ഷങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ഇന്ന് രാവിലെ 8.55 ന് മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടന്നു. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വശംകൊണ്ടു വന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജ മധ്യത്തില്‍ ഭഗവാന് അഭിഷേകം ചെയ്തത്.
പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. ഇവിടെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, എ.ഓ. ബിജു വി. നാഥ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ മന്ത്രി വി.എന്‍.വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ര സിഡന്റ് പി.എസ്. പ്രശാന്ത് അംഗങ്ങളായ അജികുമാര്‍, സുന്ദരേശന്‍, സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍, ദേവസ്വം കമ്മിഷണര്‍ സി.വി.പ്രകാശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തത്വമസിയുടെ പൂമുഖം കടന്ന് എത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂ തിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധ നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ആകാശ നീലിമയില്‍ ഉത്രം നക്ഷത്രവും മിഴി തുറക്കും. തീര്‍ത്ഥാടകര്‍ക്ക് നാളെ മുതല്‍ 17 വരെ തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ ദര്‍ശിക്കാന്‍ കഴിയും. തിരു വാഭരണ ഘോഷയാത്ര കടത്തിവിടുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5.30 വരെ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് വിടില്ല.