എതിര്‍പ്പുകളിലൂടെ വന്ന് സ്വര്‍ഗം തീര്‍ത്ത സംവിധായകന്‍: വണ്ടിച്ചക്രത്തില്‍ പാളം തെറ്റി: മമ്മൂട്ടിയെ ഹിറോയാക്കിയ സംവിധായകന്‍ ഉണ്ണി ആറന്മുളയ്ക്ക് വിട!

0 second read
Comments Off on എതിര്‍പ്പുകളിലൂടെ വന്ന് സ്വര്‍ഗം തീര്‍ത്ത സംവിധായകന്‍: വണ്ടിച്ചക്രത്തില്‍ പാളം തെറ്റി: മമ്മൂട്ടിയെ ഹിറോയാക്കിയ സംവിധായകന്‍ ഉണ്ണി ആറന്മുളയ്ക്ക് വിട!
0

ചെങ്ങന്നൂര്‍: എണ്‍പതുകളില്‍ രണ്ട് മികച്ച മലയാള ചിത്രങ്ങളിലൂടെ വരവറിയിച്ച സംവിധായകന്‍ ഉണ്ണി ആറന്മുള (83) അന്തരിച്ചു. ചെങ്ങന്നൂര്‍ വെള്ളാവൂരിലെ ലോഡജ് മുറിയില്‍ ഇന്നലെ വൈകിട്ട് കുഴഞ്ഞു വീണ ഉണ്ണിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇടയാറന്മുള്ള കൈപ്പള്ളില്‍ കുടുംബത്തില്‍ ജനിച്ചു. സൈനിക ജോലി രാജി വച്ച് സിനിമ പിടിക്കാനിറങ്ങി. കൈവശമുളള സമ്പാദ്യമെല്ലാം സിനിമയ്ക്ക് ചെലവഴിച്ച ഉണ്ണി അവിവാഹിതനാണ്.

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ആദ്യകാല വഴിത്തിരിവുകളിലൊന്നായ എതിര്‍പ്പുകള്‍ എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തത് ഉണ്ണി ആറന്മുളയാണ്. 2021 ഫെബ്രുവരിയില്‍ അവശനിലയില്‍ ഏറെ നാള്‍ കിടങ്ങന്നൂര്‍ കരുണാലയം അമ്മവീട്ടിലാണ് ഉണ്ണി കഴിഞ്ഞിരുന്നത്. സിനിമയോട് അഭിനിവേശമായിരുന്നു ഉണ്ണിക്ക്. മൂന്നു ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ച് സംവിധാനം ചെയ്തു. മൂന്നിനും വലിയ വിജയമൊന്നും നേടാന്‍ കഴിഞ്ഞില്ല. സിനിമയെ പ്രണയിച്ച ഉണ്ണി വിവാഹം കഴിക്കാനും മറന്നു.

1980 കളിലാണ് സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗവും വലിച്ചെറിഞ്ഞ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ഉണ്ണി ചെന്നൈയിലെ ആര്‍.കെ ലോഡ്ജിലേക്ക് ചേക്കേറുന്നത്. മമ്മൂട്ടി മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് വരുന്ന സമയമായിരുന്നു. ജയന്റെ മരണം കഴിഞ്ഞ് പകരക്കാരനായി രതീഷ് തിളങ്ങി നില്‍ക്കുന്നു. രതീഷിനെ നായകനാക്കി ഉണ്ണി തന്റെ ആദ്യ ചിത്രം തുടങ്ങി-എതിര്‍പ്പുകള്‍. മമ്മൂട്ടിയായിരുന്നു ഉപനായകന്‍. സിനിമ നീണ്ടു പോയി. ഇതിനിടെ രതീഷിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു. മമ്മൂട്ടി നായക സ്ഥാനത്തേക്ക് പിച്ചവച്ചു കയറാന്‍ തുടങ്ങിയിരുന്നു. കഥയില്‍ മാറ്റം വരുത്തി മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് എതിര്‍പ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഉര്‍വശി ആയിരുന്നു നായിക. ഉര്‍വശിയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു എതിര്‍പ്പുകള്‍. 1984 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിലെ ഗാനങ്ങള്‍ ഹിറ്റായി.

പാട്ടുകള്‍ എഴുതിയതും ഉണ്ണിയായിരുന്നു. അതിലെ മനസൊരു മായാപ്രപഞ്ചം, പൂ നുള്ളും കാറ്റേ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ടി.എസ് രാധാകൃഷ്ണജിയായിരുന്നു സംഗീത സംവിധാനം. എതിര്‍പ്പുകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്മാറാന്‍ ഉണ്ണി ഒരുക്കമായിരുന്നില്ല. മുകേഷ്, ശിവജി എന്നിവരെ നായകന്മാരാക്കി സ്വര്‍ഗം എന്ന ചിത്രമാണ് അടുത്തതായി ഉണ്ണി എടുത്തത്. ആക്ഷേപഹാസ്യമായിരുന്നു ഇതിവൃത്തം. പടം വിജയിച്ചില്ല. ഇവിടെയും ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ഉണ്ണിയുടെ വരികള്‍ ഗോപന്‍ ആണ് ചിട്ടപ്പെടുത്തിയത്. സ്വര്‍ഗത്തിന് ശേഷം വണ്ടിച്ചക്രം എന്നൊരു സിനിമ കൂടി ഉണ്ണിയുടേതായി വന്നു.

പടം പൊട്ടി കടം കയറിയപ്പോള്‍ കുടുംബ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നു. സൈന്യത്തിലെ ജോലിയും നഷ്ടപ്പെട്ടു.അവിവാഹിതനായ ഉണ്ണിക്ക് സിനിമയുടെ ദൂഷ്യവലയങ്ങളില്‍പ്പെടാതെ ജീവിച്ചു. ജീവിത പ്രാരബ്ധം വര്‍ധിച്ചപ്പോള്‍ മമ്മൂട്ടിയെ കണ്ട് സങ്കടങ്ങള്‍ പറഞ്ഞു. വെറുതെ പണം സ്വീകരിക്കാന്‍ ഉണ്ണിയുടെ ആത്മാഭിമാനം അനുവദിച്ചില്ല. മമ്മൂട്ടിയുടെ എറണാകുളത്തെ ഓഫീസിന്റെ ചുമതല നല്‍കി പ്രതിമാസ ശമ്പളവും കൊടുത്തു. എന്നാല്‍ പ്രായാധിക്യ രോഗങ്ങളാല്‍ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രി ചെലവുകള്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും വഹിച്ചു. രോഗത്തിന് കുറവ് വന്നപ്പോള്‍ ആറന്മുളയിലെ കുടുംബ വീട്ടില്‍ കൊണ്ടു വന്നു. അവിടെ പരിചരണത്തിന് ആരും തന്നെയുണ്ടായിരുന്നില്ല. പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും പരസഹായം വേണ്ട അവസ്ഥ. മലയാള സിനിമയ്ക്ക് വേണ്ടി തന്റെ ജീവിതവും, സമ്പത്തും നഷ്ടപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ഈ ദയനീയാവസ്ഥ മനസിലാക്കിയ ആറന്മുള പഞ്ചായത്ത് മെമ്പര്‍ രമാ ദേവി വിവരം പ്രസിഡന്റിന്റെ ശ്രെദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി മുന്‍കൈ എടുത്താണ് കരുണാലയം അനാഥാലയത്തിലേക്ക് മാറ്റിയത്. അവിടുത്തെ ചികില്‍സയും പരിചരണവും കൊണ്ട് ആരോഗ്യം വീണ്ടെടുത്തിരുന്നു. അതിനിടെയാണ് ഇപ്പോള്‍ മരണം.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…