പന്തളം: വിവിധ പ്രദേശങ്ങളിലായി രണ്ടു ക്ലിനിക്കുകള്‍ നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാര്‍ അമിത അളവില്‍ ഇന്‍സുലിന്‍ ശരീരത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍. കുന്നിക്കുഴിയില്‍ ആര്‍.ആര്‍. ക്ലിനിക് നടത്തുന്ന ഡോ. മണിമാരന്‍ (63), ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ: കൃഷ്ണവേണി ( 58) എന്നിവരാണ് സിഎം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ഇവരുടെ ആശുപത്രിയിലെ ജീവനക്കാരാണ് രണ്ടു പേരെയും അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ക്ലിനിക്ക് തുറക്കാതെ വന്നതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ വീട്ടിലെത്തിയത്. ഇരുവരെയും വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാതെ വന്നപ്പോള്‍ പന്തളം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീട് തുറന്ന് അവശനിലയില്‍ കണ്ട ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിത അളവില്‍ ഇന്‍സുലിന്‍ കുത്തി വച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സുഹൃത്തുക്കള്‍ക്കും മകന്‍ അടക്കം പത്തോളം പേര്‍ക്കും കത്തുകള്‍ എഴുതി വച്ചിരുന്നു. കത്തില്‍ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും മൃതദേഹം തമിഴ്‌നാട്ടില്‍ അടക്കം ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. ഐഎംഎ പന്തളം മേഖല വൈസ് പ്രസിഡന്റായിരുന്നു മണിമാരന്‍. നാല്‍പ്പതു വര്‍ഷത്തോളമായി ദമ്പതികള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്ന് പന്തളത്ത് ക്ലിനിക്ക് നടത്തി വരികയായിരുന്നു ഇരുവരും. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമല്ല. വ്യാഴാഴ്ച രാത്രിയില്‍ ആശുപത്രി ക്ലിനിക്കില്‍ എത്തിയ ഡോക്ടര്‍മാര്‍ എന്ത് അത്യാവശ്യം ഉണ്ടെങ്കിലും രാവിലെ ഒമ്പതു മണി വരെ വിളിക്കരുതെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. രാവിലെ വീട്ടിലെത്തിയ പൊലീസ് ആദ്യം വീടിന്റ ജനല്‍ പാളികള്‍ പൊളിച്ചപ്പോളാണ് ഇരുവരും അവശനിലയില്‍ കിടക്കുന്നത് കണ്ടത്.