പത്തനംതിട്ട: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിയെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനം വെള്ളിയാഴ്ച രാവിലെ 9.30 ന് ടൗണ്‍ഹാളില്‍ നടക്കും. ഏഷ്യയിലെ തന്നെ രാജ്യങ്ങളില്‍ പരമോന്നത നീതിപീഠത്തില്‍ ജഡ്ജിയായ ആദ്യ വനിതയായ ഫാത്തിമ ബീവി യെപ്പറ്റിയുള്ള ആദ്യ സമഗ്ര ഡോക്യുമെന്ററിയാണ് നീതിപാതയിലെ ധീരവനിത.
ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി, പിന്നാക്ക വിഭാഗ കമ്മിഷന്‍ ആദ്യ അധ്യക്ഷന്‍, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ അംഗം, ആദ്യ മുസ്ലീം വനിതാ ഗവര്‍ണര്‍ തുടങ്ങി വിവിധ പദവികളിലൂടെ ജസ്റ്റിസ് ഫാത്തിമ ബീവി ചരിത്രത്തിലിടം നേടി. 1927 ഏപ്രില്‍ 30-ന് പത്തനംതിട്ടയില്‍ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ച ഫാത്തിമ 1950 നവംബര്‍ 14 നാണ് അഭിഭാഷകയായി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്.
1958 ല്‍ സബോര്‍ഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968 ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1972 ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റായി. 1974 ല്‍ ജില്ലാ സെഷന്‍സ് ജഡ്ജും ആയി. 1980 ജനുവരിയില്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചു. പക്ഷേ ഒകേ്ടാബര്‍ ആറിന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമനം ലഭിച്ചു. 1992 ഏപ്രില്‍ 29 വിരമിച്ചു.
അവിവാഹിതയായി വിശ്രമജീവിതം നയിക്കുന്ന ഫാത്തിമ ബീവിയുടെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്ററി. സാംസ്‌കാരിക വകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നര്‍ത്തകി രാജശ്രീ വാര്യരാണ് അവതാരക. സംവിധാനം പ്രിയാ രവീന്ദ്രന്‍. ഗവേഷണം, സ്‌ക്രിപ്റ്റ്: ആര്‍. പാര്‍വതിദേവി. ക്രിയാത്മക പിന്തുണ-സുജ സൂസന്‍ ജോര്‍ജ്.