
അടൂര്‍/കോഴഞ്ചേരി: തെരുവുനായയുടെ കടിയേറ്റ് അടൂരിലും കോട്ടയിലുമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. നെല്ലിമുകള്‍ ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുളക്കട സ്വദേശി ആസാദ് റഹ്മാന്‍, അര്‍ച്ചന എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആറന്മുള കോട്ട പടിഞ്ഞാറ് വേലൂര്‍ കുഴിയില്‍ പ്രദീപിന്റെ മകള്‍ ഒന്നാം ക്ലാസ്
വിദ്യാര്‍ത്ഥി ദേവികക്ക് വീട്ടില്‍ വച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ എഴിനാണ് സംഭവം. കുട്ടി ടെലിവിഷന്‍ കാണുന്നതിനിടെ
തുറന്നിട്ട മുന്‍വാതിലില്‍ കൂടി നായ കയറി വന്ന് താടിക്കും ചുണ്ടിനും കടിക്കുകയായിരുന്നു. നിലവിളി കേട്ട രക്ഷിതാക്കള്‍ ഓടി വന്നപ്പോള്‍ നായ ഓടി പോകുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. പ്രതിരോധ കുത്തിവെയ്പ്പും എടുത്തു. തെരുവ് നായക്കള്‍ ഗ്രാമപ്രദേശങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എ.ബി.സി കേന്ദ്രങ്ങള്‍ ഒക്കെ നിര്‍മ്മിക്കുമെന്ന് പറഞ്ഞെങ്കിലും ജില്ലയില്‍ ഒരു കേന്ദ്രവും പ്രവര്‍ത്തിച്ചു തുടങ്ങിയില്ല. ജില്ലയില്‍ ശരാശരി 25 ലധികം പേരെയാണ് ദൈനംദിനം തെരുവ് നായ്ക്കള്‍ കടിക്കുന്നത്.