പത്തനംതിട്ട: റാന്നി പെരുനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ കുടുക്കാന്‍ സ്ഥാപിച്ച കുട്ടില്‍ കുടുങ്ങിയത് പട്ടി. കോട്ടമലയില്‍ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് വെള്ളിയാഴ്ച രാവിലെ പട്ടിയെ കുടുങ്ങിയ നിലയില്‍ കണ്ടത്. ഒരു മാസത്തിനിടെ മൂന്നു പശുക്കളെയാണ് കടുവ കൊന്നത്. ഇതേ തുടര്‍ന്നാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്. കടുവ ആക്രമിക്കുന്നതിന് അനുസരിച്ച് കൂടുകളും മാറ്റി വച്ചു പോന്നു. അതിനിടെയാണ് പട്ടി കുടുങ്ങിയിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ കോട്ടമലയിലാണ് കടുവയുടെ ആക്രമണത്തില്‍ പശു ചത്തത്. കഴിഞ്ഞ മാസം പശുവിനെ ആക്രമിച്ചു കൊന്നതിന് സമീപത്തുനിന്നും ഏതാണ്ട് 300 മീറ്റര്‍ മാത്രം അകലത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മാമ്പ്രത്ത് രാജന്റെ പ്രസവിക്കാറായ രണ്ടാമത്തെ പശുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. പശുക്കളെ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ സമാനമായ ആക്രമണമാണ് നടന്നിട്ടുള്ളത് എന്ന് ഡോക്ടറും ശരിവയ്ക്കുന്നു. പൂര്‍ണ ഗര്‍ഭിണി പശുക്കളെ ആക്രമിച്ച് കൊന്ന് ഗര്‍ഭപാത്രം കടുവ എടുത്തുകൊണ്ടു പോയിരുന്നു. തുടര്‍ച്ചയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്ഥാപിച്ചിരുന്ന കൂട് കഴിഞ്ഞ ദിവസം ആക്രമണം നടന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആക്രമണത്തിനിരയായി ചത്ത പശുവിനെത്തന്നെ കൂടിനുള്ളില്‍ നിക്ഷേപിച്ചിരുന്നു. തുടരെയുള്ള കടുവ ആക്രമണത്തില്‍ ഭയന്നു നിന്ന പെരുനാട് നിവാസികള്‍ ഒരു മാസത്തെ ഇടവേളയില്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് വീണ്ടും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രാത്രിയില്‍ വനം വകുപ്പിന്റെയും പോലീസിന്റെയും പട്രോളിങ് ഉണ്ടാകും. കടുവയെ പിടികൂടാന്‍ 24 അംഗ സംഘത്തെ നിയോഗിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.