പഠനപ്രക്രിയ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെ ക്യാമ്പസുകളില്‍ അനുവദിക്കരുത്: മലങ്കര മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

0 second read
Comments Off on പഠനപ്രക്രിയ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെ ക്യാമ്പസുകളില്‍ അനുവദിക്കരുത്: മലങ്കര മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
0

തിരുവല്ല: അറിവും അക്ഷരവും തേടി കാലാലയങ്ങളിലെത്തുന്ന ജീവിതങ്ങള്‍ അപായപ്പെടുന്നു എന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് മാര്‍ത്തോമ്മ സഭ മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ. സഹപാഠികളായി സഹവര്‍ത്തിത്വത്തോടെ കഴിയേണ്ട വിദ്യാര്‍്ത്ഥികള്‍ രാഷ്ട്രീയമായി ചേരിതിരഞ്ഞ് തമ്മിലടിച്ചും പോരാട്ടവീര്യങ്ങളുയര്‍ത്തി തെരുവിലിറങ്ങിയും കൂട്ടുകാരന്റെ ജീവനെടുക്കുന്നത് പഠനകാലയളവിനെ ഇല്ലായ്മ ചെയ്യുന്നു എന്ന് മാത്രമല്ല, തലമുറകളില്‍ കിരാത സംസ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കലാലയ അന്തരീക്ഷം പരിപാവനമായിരിക്കണം. സംസ്‌കാര സമ്പന്നമായ തലമുറ വാര്‍ത്തെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം. അതിനിടെ വന്ന് ചേരുന്ന തെറ്റായ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ തലമുറകളെ നശിപ്പിക്കും.

പഠനപ്രക്രിയ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെ ക്യാമ്പസുകളില്‍ അനുവദിക്കരുത്. അത് രാഷ്ട്രീയമായാലും ലഹരിയുടെ ഉപയോഗമായാലും ലൈംഗിക അതിക്രമങ്ങളായാലും ക്രൂരവിനോദങ്ങളായാലും അവയെ തിരിച്ചറിഞ്ഞ് തടയുകയാണാവശ്യം. ഇവിടെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ട്. സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കുന്നത് നിസംഗതയോടെ നോക്കി നില്ക്കാനുള്ള മനസാന്നിദ്ധ്യം വിദ്യാര്‍ത്ഥികളില്‍ കാണുന്ന ഏറ്റം ഹീനമായ പ്രവണത ഈ കാലഘട്ടത്തിലെ രൂപപ്പെടലിലെ വൈകല്യത്തെ അടയാളപ്പെടുത്തുന്നു. ക്രൂരതയ്ക്ക് മുന്നില്‍ നിശബ്ദമാകുന്നതല്ല സാംസ്‌ക്കാര സമ്പന്നമായ സമൂഹത്തിന്റെ അടയാളം, മറിച്ച് ജീവനെ നിലനിര്‍ത്താനുള്ള നിലവിളിക്ക് മുന്നില്‍ സത്യത്തിനും നീതിക്കും ഒപ്പം നില്‍ക്കുകയാണാവശ്യം.

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ജെ. എസ്. സിദ്ധാര്‍ത്ഥിന്റ ക്രൂരമായ കൊലപാതകം തികച്ചും അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമ നടപടികളാണ് ആവശ്യം. കുറ്റവാളികളെ നിയമത്തിന് മുന്നല്‍ കൊണ്ടുവരണം. അതില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കരുത്. സിദ്ധാര്‍ത്ഥിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…