പത്തനംതിട്ട: ലേണേഴ്‌സ് ലൈസന്‍സ് മാത്രമുള്ള ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ചതിന് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാതിരുന്ന ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് എതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. കോടതിച്ചെലവും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് ക്ലെയിമും ചേര്‍ത്ത് 15.20 ലക്ഷം രൂപ നല്‍കാനാണ് വിധി.
ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനില്‍ പരേതനായ ഗീവര്‍ഗീസിന്റെ ഭാര്യ കെ. ഷേര്‍ലി നല്‍കിയ ഹര്‍ജിയിലാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഇന്‍ഷുറന്‍സ് ആനുകൂല്യവും നഷ്ടപരിഹാരവും നല്‍കാന്‍ വിധിച്ചിരിക്കുന്നത്. 2021 ജൂലൈയില്‍ എം. സി. റോഡില്‍ വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഗീവര്‍ഗീസ് മരിച്ചത്. 15 ലക്ഷം രൂപയുടെ പേഴ്‌സണല്‍ ആക്‌സിഡന്റ് കവറേജിനു വേണ്ടി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ രജിസ്‌റ്റേര്‍ഡ് ഓണര്‍ എന്ന നിലയില്‍ ഗീവര്‍ഗീസ് ഇന്‍ഷുറന്‍സ് എടുത്തിരുന്നു. എന്നാല്‍, അപകടത്തില്‍ ഗീവര്‍ഗീസ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് ലേണേഴ്‌സ് ലൈസന്‍സ് മാത്രമേ ഉളളൂ എന്ന കാരണത്താല്‍ കമ്പനി ഇന്‍ഷുറന്‍സ് തുക നിഷേധിച്ചു. ഇതിനെതിരേയാണ് ഉപഭോക്തൃ കമ്മിഷനില്‍ കേസ് ഫയല്‍ ചെയ്തത്. കേസിന്റെ വാദത്തിനിടയില്‍ സൂുപ്രീം കോടതിയുടേയും കര്‍ണാടക ഹൈക്കോടതിയുടേയും വിധികളും ഹാജരാക്കി.
ഈ രണ്ടു വിധികളിലും പറയുന്നത് ലേണേഴ്‌സ് ലൈസന്‍സ് സാധുവായി പരിഗണിക്കണമെന്നാണ്. അതിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അപകട ഇന്‍ഷുറന്‍സ് 15 ലക്ഷം രൂപയും 10,000 രൂപ വീതം നഷ്ടപരിഹാരവും കോടതി ചെലവും സഹിതം ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കാന്‍ വിധിച്ചത്. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എന്‍. ഷാജിതാ ബീവിയും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.