മനാമ: ബഹ്റൈനില്‍ പുതിയ രീതിയിലുള്ള ഫോണ്‍ തട്ടിപ്പുമായി വിദേശികള്‍. മൊബൈല്‍ ഫോണ്‍ ഒന്ന് തരുമോ, അത്യാവശ്യമായി ഒരു കോള്‍ ചെയ്യാനാണ് എന്നുപറഞ്ഞ് ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ സൂക്ഷിക്കുക. വലിയൊരു തട്ടിപ്പിനുള്ള കെണിയൊരുക്കലായിരിക്കും അത്.
കഴിഞ്ഞദിവസം ചില മലയാളികള്‍ക്കുണ്ടായ അനുഭവമാണ് പുതിയതരം തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. വിദേശിയായ ഒരാള്‍ ഇവരെ സമീപിച്ച് മൊബൈല്‍ ഫോണ്‍ ചോദിച്ചു. അത്യാവശ്യമായി ഒരു കോള്‍ ചെയ്യാനാണെന്ന് പറഞ്ഞാണ് ഫോണ്‍ ആവശ്യപ്പെട്ടത്. മറ്റൊന്നും ചിന്തിക്കാതെ ഇവര്‍ ഫോണ്‍ നല്‍കുകയും ചെയ്തു.
എന്നാല്‍, കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് സംശയം തോന്നിയതിനാല്‍ അയാള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ തന്നെ തിരിച്ചുവാങ്ങി. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു ഒ.ടി.പി നമ്ബര്‍ വന്നുകിടക്കുന്നതുകണ്ടു. തട്ടിപ്പുകാരന് ഫോണില്‍ വിളിക്കുമ്ബോള്‍ മറുഭാഗത്തുള്ളയാള്‍ നമ്ബര്‍ മനസ്സിലാക്കി ഓണ്‍ലൈന്‍ ഇടപാട് നടത്തുകയും ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്ബര്‍ വിളിക്കുന്നയാള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന തട്ടിപ്പിനുള്ള ശ്രമമാണ് അവസാനനിമിഷം പൊളിഞ്ഞത്.
സഹതാപം പിടിച്ചുപറ്റുന്നരീതിയില് ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും ആരെയെങ്കിലും കെണിയില്‍പെടുത്താന്‍ ശ്രമിക്കുന്നുണ്ടാകും. ഓരോരുത്തരും ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് അബദ്ധത്തില്‍ ചാടാതിരിക്കാനുള്ള വഴി.