
പത്തനംതിട്ട: ജില്ലാ കേന്ദ്രത്തില്‍ പൊതു പരിപാടികള്‍ക്ക് ഇടം ഒരുക്കാന്‍ നഗരസഭ നിര്‍മ്മിക്കുന്ന ടൗണ്‍ സ്‌ക്വയറിന് വിശദ രൂപരേഖ തയ്യാറായി. സുപ്രീം കോടതി പ്രഥമ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിക്കും, ജില്ലയുടെ പിതാവ് കെ കെ നായര്‍ക്കും ടൗണ്‍ സ്‌ക്വയറില്‍ സ്മാരകങ്ങള്‍ ഒരുങ്ങും. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ടൗണ്‍ സ്‌ക്വയറിന്റെ ഡിപി ആറിന് അന്തിമരൂപം നല്‍കി.
അബാന്‍ മേല്‍പ്പാല നിര്‍മ്മാണത്തിനായി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെ കെ നായരുടെ നിലവിലെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലയുടെ പിതാവിന് ഉചിതമായ സ്മാരകം നഗരസഭ നിര്‍മ്മിക്കും എന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് നഗരസഭ ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. നഗരസഭയുടെ 2024 ബഡ്ജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പത്തനംതിട്ട സ്വദേശിയായ ആര്‍ക്കിടെക്ട് ഷെയ്ക്ക് മുഹമ്മദ് യാസിനെയാണ് ടെന്‍ഡര്‍ നടപടികളിലൂടെ നഗരസഭ തിരഞ്ഞെടുത്തത്. മേല്‍പ്പാല നിര്‍മ്മാണത്തിനായി നഗരസഭയുടെ ഓപ്പണ്‍ സ്‌റ്റേജ് പൊളിച്ച് നീക്കിയതോടെ പൊതുസമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും നഗരത്തില്‍ സ്ഥലം ഇല്ലാതായി.
ടൗണ്‍ കേന്ദ്രത്തില്‍ ചെറിയ യോഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഇവിടെയെല്ലാം കേരള ഹൈക്കോടതിയുടെ നിരോധനം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുപരിപാടികള്‍ക്ക് പ്രത്യേക ഇടം നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനമെടുത്തത്. കുറഞ്ഞത് ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിലയിലാണ് ടൗണ്‍ സ്‌ക്വയര്‍ വിഭാവനം ചെയ്തിട്ടുള്ളത്, കൂടാതെ പൊതുജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ കൂടി ഇവിടെ ഉണ്ടാകും. പരിപാടികളുടെ ആവശ്യകതക്കനുസരിച്ച് ക്രമീകരിക്കാന്‍ കഴിയുന്ന നിലയിലുള്ള തുറന്ന സ്‌റ്റേജ് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അംഗപരിമിതര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന നിലയില്‍ ആയിരിക്കും നിര്‍മ്മാണം. പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാട് കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍, കെ കെ നായര്‍ ഫൗണ്ടേഷന്‍ പ്രതിനിധികള്‍, ജസ്റ്റിസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി, ജില്ലാ ടൗണ്‍ പ്ലാനര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.