
പാലാ: രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതോടെ ഡ്രൈവര്‍ കുഴഞ്ഞു വീണു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. പാലാ-ഇടമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുറ്റാരപ്പള്ളി ബസിലെ ഡ്രൈവര്‍ ഇ.ജി. രാജേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.15 ന് ഇടമറ്റം ചീങ്കല്‍ ജങ്ഷനിലാണ് അപകടം. ഇറക്കം ഇറങ്ങി വരുമ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഷുഗര്‍ ലെവല്‍ താഴ്ന്നതാണ് ഡ്രൈവര്‍ കുഴഞ്ഞു പോകാന്‍ കാരണമായത്. നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പോയ കുട്ടികള്‍ അടക്കം ബസിലുണ്ടായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് രണ്ട് തെങ്ങില്‍ ഇടിച്ച് ശേഷം മറ്റൊരു തെങ്ങില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല. യാത്രക്കാരിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.