
അടൂര്‍: ചുട്ടു പൊള്ളുന്ന വേനലില്‍ മാത്രമല്ല ജീവിതത്തില്‍ ഉടനീളം സഹജീവികളോടും മിണ്ടാപ്രാണികളോടും കരുതല്‍ ഉണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. കവയിത്രി
സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന തലത്തില്‍ നടത്തുന്ന കുരുവിക്കൊരു തുള്ളി ചലഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ സഹജീവി സ്നേഹവും ജീവകാരുണ്യവും ഊട്ടി ഉറപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. ജില്ലയിലെ എല്ലാ കുട്ടികളുടെയും വീടുകളിലും പരിസരങ്ങളിലും സ്കൂള്‍ പരിസരത്തും പറവകള്‍ക്ക് കുടിക്കാനായി ദാഹജലം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് എല്‍ സുഗതന് അധ്യക്ഷത വഹിച്ചു. പയ്യനല്ലൂര്‍ പ്രതീക്ഷ ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അടൂര്‍ മുനിസിപ്പാലിറ്റി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ മുഫീദ മുഖ്യ അതിഥി ആയിരുന്നു .പ്രതീക്ഷ ലൈബ്രറി പ്രസിഡന്റ് വിമല്‍ കൃഷ്ണന്, സെക്രട്ടറി എസ്. സജീവ്, അതുല്‍ സുരേഷ്, വിഷ്ണു, അമല്‍നാഥ്, ബാലവേദി അംഗങ്ങള്‍, ട്രസ്റ്റ് സഹകാരികളായ ജോസ് മത്തായി, ശാന്തലയം സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.