പുതുവല്‍സരം കൊഴുപ്പിക്കാന്‍ ലഹരി പാര്‍ട്ടികള്‍: യുവാക്കളെയും കോളജ് വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് ഇടുക്കിയിലേക്ക് അന്തര്‍സംസ്ഥാന ലഹരി മാഫിയ

0 second read
Comments Off on പുതുവല്‍സരം കൊഴുപ്പിക്കാന്‍ ലഹരി പാര്‍ട്ടികള്‍: യുവാക്കളെയും കോളജ് വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് ഇടുക്കിയിലേക്ക് അന്തര്‍സംസ്ഥാന ലഹരി മാഫിയ
0

കുമളി (ഇടുക്കി): ക്രിസ്മസ്, പുതുവത്സര രാവുകളില്‍ ആഘോഷം കൊഴുപ്പിക്കാന്‍ കോടികളുടെ നിരോധിത രാസലഹരി ജില്ലയിലേക്കൊഴുക്കാന്‍ മാഫിയകള്‍. റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും നടത്തുന്ന അനധികൃത റേവ്, ഡി.ജെ പാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് ലഹരി ഒഴുക്കാനാണു ശ്രമം. അന്തര്‍സംസ്ഥാന ലഹരിമാഫിയകളുടെ ഏജന്റുമാര്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടില്‍ ഇതിനായി നിലയുറപ്പിച്ചതായിട്ടാണ് വിവരം.

തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ സംഘങ്ങളാണ് ജില്ല ലക്ഷ്യമിട്ടിരിക്കുന്നത്. റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും അതീവ രഹസ്യമായി നടക്കുന്ന പാര്‍ട്ടികളിലേക്ക് വിദേശികളെ അടക്കം എത്തിക്കും. മണിക്കൂറുകളോളം ലഹരി നല്‍കുന്ന കഞ്ചാവ്, ഹാഷിഷ്, എം.ഡി.എം.എ. എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ തുടങ്ങി ലഹരിക്കായി പാമ്പിന്‍വിഷം വരെ ഇത്തരം പാര്‍ട്ടികളില്‍ ഉപയോഗിക്കാറുണ്ട്.

ക്രിസ്മസ്, ന്യൂ ഇയര്‍ സീസണില്‍ ലഹരി മാഫിയയുടെ വിളനിലമാണ് ഇടുക്കി. ആഘോഷങ്ങള്‍ക്കായി ജില്ലയിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളെ വലയിലാക്കി പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കുന്നതിലൂടെ കോടികളുടെ ബിസിനസാണ് സംഘം നടത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏതാനും വര്‍ഷം മുമ്പ് വാഗമണ്ണില്‍ ലഹരിപ്പാര്‍ട്ടി നടക്കുന്നതിനിടെ റിസോര്‍ട്ടില്‍ നടന്ന പരിശോധനയില്‍ മാരക ലഹരിമരുന്നുകള്‍ കണ്ടെത്തിയിരുന്നു. സെലിബ്രിറ്റികള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പങ്കെടുക്കുന്ന ലഹരിപ്പാര്‍ട്ടികള്‍ ജില്ലയില്‍ നടക്കാറുണ്ടെന്നും വിവരമുണ്ട്. കോവിഡ് കാലത്ത് ശാന്തന്‍പാറയില്‍ വമ്പന്‍മാര്‍ പങ്കെടുത്ത ബെല്ലി ഡാന്‍സ് പാര്‍ട്ടി വന്‍ വിവാദമായിരുന്നു.

സമാനമായ രീതിയിലുള്ള നിരവധി പാര്‍ട്ടികള്‍ക്കാണ് ഇത്തവണ അണിയറയില്‍ നീക്കം നടക്കുന്നത്. അന്തര്‍സംസ്ഥാന ലഹരിസംഘങ്ങളുടെയടക്കം ഏജന്റുമാര്‍ അതിര്‍ത്തിക്കപ്പുറം തമ്പടിക്കുന്നുണ്ട്. ആവശ്യം അറിയിച്ചാല്‍ ഇതനുസരിച്ചുള്ള ലഹരി സ്ഥലത്തെത്തിച്ചു നല്‍കുന്ന സംഘങ്ങളും സജീവമാണ്. തല്പരകക്ഷികളെ സോഷ്യല്‍ മീഡിയയയിലൂടെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൊലീസും എക്‌സൈസുമടക്കം പരിശോധനകള്‍ കടുപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ രഹസ്യമായാണ് അണിയറ നീക്കം നടത്തുന്നത്. ഒരു പാര്‍ട്ടിയിലേക്കു വേണ്ട ആളുകള്‍ ആയാല്‍ ആരംഭിക്കുന്നതിനു മിനിറ്റുകള്‍ മുമ്പ് മാത്രമായിരിക്കും പങ്കെടുക്കുന്നവരോട് പാര്‍ട്ടി നടക്കുന്ന സ്ഥലം വ്യക്തമാക്കുന്നത്. സ്ത്രീകളെ പരമാവധി പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. കോളജ് വിദ്യാര്‍ഥിനികളെയാണ് ഇതിനായി ലക്ഷ്യമിടുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…