കുറില്‍ ദ്വീപില്‍ ഹെല്‍മറ്റില്ലാതെ പോയതിനുള്ള പിഴ 500 രൂപ അടൂര്‍ പൊലീസില്‍ അടച്ചേ തീരൂ: തെറ്റായ ചെല്ലാന്‍ മുഖാന്തിരം അടയ്ക്കില്ലെന്ന് വാഹനം ഉടമ: അടൂര്‍ പൊലീസിന് പറ്റിയ അക്കിടി കൂടുതല്‍ വിവാദത്തിലേക്ക്

0 second read
Comments Off on കുറില്‍ ദ്വീപില്‍ ഹെല്‍മറ്റില്ലാതെ പോയതിനുള്ള പിഴ 500 രൂപ അടൂര്‍ പൊലീസില്‍ അടച്ചേ തീരൂ: തെറ്റായ ചെല്ലാന്‍ മുഖാന്തിരം അടയ്ക്കില്ലെന്ന് വാഹനം ഉടമ: അടൂര്‍ പൊലീസിന് പറ്റിയ അക്കിടി കൂടുതല്‍ വിവാദത്തിലേക്ക്
0

അടൂര്‍: ഗതാഗത നിയമ ലംഘനം കാമറയില്‍ പിടികൂടി പരിവാഹന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ ഉണ്ടായ പിശകില്‍ ഉറച്ച് അടൂര്‍ പൊലീസ്. നെല്ലിമുകളില്‍ വാഹന പരിശോധന നടത്തുമ്പോള്‍ ഹെല്‍മറ്റില്ലാതെ കുടുംബത്തിനൊപ്പം സ്‌കൂട്ടറില്‍ വന്ന അരുണ്‍ എന്ന യുവാവിനാണ് പൊലീസ് പരിവാഹന്‍ സൈറ്റ് വഴി പിഴ അടയ്ക്കാനുള്ള ചെല്ലാന്‍ അടച്ചത്. ഇതില്‍ സംഭവം നടന്ന സ്ഥലമായി കാണിച്ചിരുന്നത് പസഫിക് സമുദ്രത്തില്‍ ജപ്പാനും റഷ്യയും അവകാശ തര്‍ക്കം ഉന്നയിക്കുന്ന കുറില്‍ ദ്വീപാണ്. ഈ വാര്‍ത്ത ചര്‍ച്ചയായതോടെയാണ് പൊലീസ് നിലപാടുമായി രംഗത്ത് വന്നത്.

ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്തപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറയുന്നത്. ഇ-ചെല്ലാനിലുള്ള പെറ്റി അടയ്ക്കണമെന്ന് അടൂര്‍ എസ്എച്ച്ഓയും പറയുന്നു. ചെല്ലാന്‍ തിരുത്താന്‍ നിര്‍വാഹമില്ലെന്നും പെറ്റി അടച്ചേ മതിയാകൂവെന്നും ട്രാഫിക് എസ്‌ഐയും അറിയിച്ചു. താന്‍ പെറ്റി അടക്കാന്‍ തയാറാണ് എന്നാണ് വാഹനം ഉടമ അരുണ്‍ പറയുന്നത്. പക്ഷേ, അത് കൃത്യമായ സംഭവ സ്ഥലം പറഞ്ഞ് വീണ്ടും ചെല്ലാന്‍ തന്നെങ്കില്‍ മാത്രമേ അടയ്ക്കൂ. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കും. പ്രശ്‌നത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണ്. ഗതാഗത നിയമലംഘനം പോലുള്ള വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പൊലീസ് ശ്രദ്ധിക്കണം. താന്‍ ഹെല്‍മറ്റില്ലാതെ വന്നുവെന്നത് ശരി തന്നെ. പക്ഷേ, അത് നെല്ലിമുകള്‍ വഴിയാണ്. കുറില്‍ ദ്വീപിലൂടെയല്ല. സംഭവ സ്ഥലം ഏതെന്ന് നോക്കി വേണമായിരുന്നു ചെല്ലാന്‍ അടയ്ക്കാന്‍. അത് തിരുത്തില്ലെന്ന പൊലീസിന്റെ പിടിവാശി കോടതിയില്‍ ചോദ്യം ചെയ്യും. നിരവധി പേര്‍ക്ക് ഈ രീതിയില്‍ പെറ്റി പല സ്ഥലത്തും ലഭിക്കുന്നുണ്ടെന്നും അരുണ്‍ പറഞ്ഞു.

ഏപ്രില്‍ 11 ന് വൈകിട്ടാണ് അരുണിന് രജിസ്‌ട്രേഡ് മൊബൈലില്‍ ഹെല്‍മറ്റില്ലാ യാത്രയ്ക്ക് 500 രൂപ പെറ്റി അടയ്ക്കാന്‍ സന്ദേശം വന്നത്. അതിനൊപ്പമുള്ള ലിങ്കില്‍ കയറി ചെല്ലാന്‍ പരിശോധിച്ചപ്പോഴാണ് സംഭവം നടന്ന സ്ഥലവും സമയവും തെറ്റായി രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്.

ചിത്രമെടുത്ത എസ്‌ഐ അപ്‌ലോഡ് ചെയ്യുന്ന വഴി ജിപിഎസിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് പ്ലേസ് ഓഫ് ഇന്‍സിഡന്റ് മാറാന്‍ കാരണമായത്. ജിപിഎസ് ഓണ്‍ ചെയ്യാതെയാകണം ചിത്രമെടുത്തത്. ഇതിന് ഉപയോഗിച്ച ഉപകരണം നിര്‍മിച്ച സ്ഥലം തന്നെയാകും അപ്പോള്‍ പ്ലേസ് ആയി കാണിക്കുക. ഏതു രീതിയിലും പെറ്റി ഈടാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗത നിയമ ലംഘനം സിവിലിയന്മാര്‍ക്കും ചൂണ്ടിക്കാണിക്കാം. ചിത്രങ്ങള്‍ എടുത്ത് അപ്‌ലോഡ് ചെയ്യുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ചിത്രം കിട്ടിയാല്‍ അപ്പോള്‍ തന്നെ വാഹനത്തിന്റെ നമ്പര്‍ നോക്കി ഉടമയ്ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയക്കുന്ന സംവിധാനമാണിത്. ഇതിന് പുറമേയാണ് ചിത്രമെടുക്കാനുള്ള കാമറ പൊലീസിനും ട്രാഫിക് പൊലീസ് യൂണിറ്റുകള്‍ക്കും കൈമാറിയിട്ടുള്ളത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് മുഴൂവന്‍ പച്ചക്കള്ളമെന്ന് സ്‌കൂട്ടര്‍ യാത്രക്കാരനും മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ നെല്ലിമുകള്‍. ചിത്രം അടൂര്‍ ടൗണില്‍ വച്ച് അടൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ പകര്‍ത്തിയതാണെന്നായിരുന്നു അടൂര്‍ ട്രാഫിക് പൊലീസ് എസ്‌ഐ അജി പറഞ്ഞിരുന്നത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് അരുണ്‍ പറയുന്നു. ഏപ്രില്‍ 11 ന് വൈകിട്ട് 4.31 നാണ് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തിരിക്കുന്ന ചിത്രം പതിഞ്ഞിരിക്കുന്നത് എന്നാണ് ചെല്ലാനില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ അതു വഴി പോയത് 3.20 നാണ്. ഈ സമയം ഭാര്യയും ഇളയ കുഞ്ഞുമായിട്ടാണ് നെല്ലിമുകള്‍ കേരളാ ബാങ്കില്‍ പോയത്. ഉടന്‍ തന്നെ തിരിച്ചു വരികയും ചെയ്തു. ഏനാത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചുള്ള ചിത്രമാണ് അത്.

തനിക്കിട്ട് പെറ്റി അഅടിക്കാനുള്ള വ്യഗ്രതയില്‍ സ്ഥലമേതെന്ന് പൊലീസ് നോക്കിയില്ല. സമയവും തെറ്റാണ്. സാധാരണ ഇങ്ങനെ കിട്ടുന്ന പെറ്റി അപ്പോള്‍ തന്നെ ആള്‍ക്കാര്‍ ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ കൊണ്ട് അടയ്ക്കുകയാണ് പതിവ്. ചെല്ലാന്‍ രസീത് അരിച്ചു പെറുക്കി നോക്കുമ്പോഴാണ് പ്ലേസ് ഓഫ് ഇന്‍സിഡന്റ് കുറില്‍ ഐലന്‍ഡ് ആണെന്ന് കണ്ടത്. ഇതേത് സ്ഥലമെന്ന് കണ്‍ഫ്യൂഷന്‍ അടിച്ചാണ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തത്. അപ്പോഴാണ് പസഫിക് സമുദ്രത്തിലെ ദ്വീപ സമൂഹമാണെന്നും അതിന്മേല്‍ റഷ്യയും ജപ്പാനും അവകാശ തര്‍ക്കം ഉണ്ടെന്നും മനസിലാക്കുന്നത്. എന്തായാലും ഈ പെറ്റി താന്‍ അടയ്ക്കില്ലെന്ന് അരുണ്‍ പറയുന്നു.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …