പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് മറിച്ചു വില്‍പ്പന: എട്ടാം പ്രതി രണ്ടു വര്‍ഷത്തിന് ശേഷം പിടിയില്‍

0 second read
Comments Off on പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് മറിച്ചു വില്‍പ്പന: എട്ടാം പ്രതി രണ്ടു വര്‍ഷത്തിന് ശേഷം പിടിയില്‍
0

തിരുവല്ല: പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടു വന്ന സ്പിരിറ്റ് യാത്രാമധ്യേ മറിച്ചു വിറ്റ് ലക്ഷങ്ങള്‍ തട്ടിയ കേസിന്റെ അന്വേഷണം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതമായി വൈകുന്നതിനിടെ കേസിലെ അവശേഷിച്ച പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

സ്പിരിറ്റ് മറിച്ചു വില്‍ക്കാന്‍ സഹായിച്ച മഹാരാഷ്ട്ര ജൂലൈ ജില്ലയിലെ ഷിര്‍പൂര്‍ പല്ലാസര്‍ സ്വദേശി രാമേശ്വര്‍ കൈലാസ് ഗെയ്ക്ക്വാദി (32) നെയാണ് പുളിക്കീഴ് പോലീസ് മഹാരാഷ്ട്രയിലെ സാഗ്വിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ വ്യാഴാഴ്ച ഉച്ചയോടെ ട്രെയിന്‍ മാര്‍ഗ്ഗം തിരുവല്ലയില്‍ എത്തിച്ചു. എട്ടാം പ്രതിയാണ് ഇയാള്‍. 2021 ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ ബറുവ എന്ന സ്ഥലത്തു നിന്നും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്ക് രണ്ട് ടാങ്കറുകളിലായി എത്തിച്ച സ്പിരിറ്റില്‍ 20,386 ലിറ്ററാണ് മോഷ്ടിച്ചു വിറ്റത്.

എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ജനറല്‍ മാനേജര്‍ അലക്‌സ് പി. എബ്രഹാം, ടാങ്കര്‍ ഡ്രൈവര്‍മാരായ തൃശൂര്‍ പാട്ട് കോന്നാട്ട് നന്ദകുമാര്‍, ഇടുക്കി അറക്കുളം കാവുംപടി വട്ടക്കുന്നേല്‍ സിജോ തോമസ്, കമ്പനി ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ പാണ്ടനാട് മണിവീണയില്‍ അരുണ്‍കുമാര്‍, പേഴ്‌സൊണല്‍ മാനേജര്‍ പി.യു. ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, മധ്യപ്രദേശ് സ്വദേശി സതീഷ് ബാലചന്ദ് വാനി എന്നിവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തരുന്നു.

12 ലക്ഷം രൂപയ്ക്ക് സ്പിരിറ്റ് മറിച്ചു വിറ്റതായി സതീഷ് ബാലചന്ദ് വാനി പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ 10.28 ലക്ഷം രൂപ ടാങ്കര്‍ ഡ്രൈവര്‍മാരില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. സംഭവം സംബന്ധിച്ച് പുളിക്കീഴ് പോലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്‌തെങ്കിലും അന്വേഷണം പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. പ്രതികളുടെ സ്വാധീനം നിമിത്തം അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന ആക്ഷേപം വ്യാപകമായിരുന്നു. അത് ശരി വയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നത്.

എസ്. അഷാദ് ഡിവൈ.എസ്.പിയായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് ജീവന്‍ വച്ചത്. പുളിക്കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അജീബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. എസ്‌ഐ ജെ. ഷെജിം, എ.എസ്.ഐ എസ്.എസ്. അനില്‍കുമാര്‍, സീനിയര്‍ സി.പി.ഓ രാജേഷ്, സി.പി.ഒ സുദീപ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രതിയെ പിടികൂടിയത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

52 വര്‍ഷത്തെ ചതി, വഞ്ചനയും വിളിച്ചു പറഞ്ഞ എ. പത്മകുമാര്‍ പുറത്ത്: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു: രണ്ടു പുതുമുഖങ്ങള്‍

പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സപിഎം സംസ്ഥാന സമ്മേളനത്…