തനിച്ചു താമസിക്കുന്ന വയോധിക അകമേ നിന്ന് പൂട്ടിയിട്ട മുറിയില്‍ വീണു കിടന്നു: അമേരിക്കയില്‍ നിന്ന് മകന്റെ വിളി എത്തിയത് പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്: അറ്റാച്ച്ഡ് ബാത്ത്‌റൂമിന്റെ ജനാല തകര്‍ത്ത് രക്ഷാപ്രവര്‍ത്തനം

0 second read
Comments Off on തനിച്ചു താമസിക്കുന്ന വയോധിക അകമേ നിന്ന് പൂട്ടിയിട്ട മുറിയില്‍ വീണു കിടന്നു: അമേരിക്കയില്‍ നിന്ന് മകന്റെ വിളി എത്തിയത് പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്: അറ്റാച്ച്ഡ് ബാത്ത്‌റൂമിന്റെ ജനാല തകര്‍ത്ത് രക്ഷാപ്രവര്‍ത്തനം
0

പത്തനംതിട്ട: ആകെയുള്ള മൂന്നു മക്കളും വിദേശത്ത് ജോലിയില്‍. 69 വയസുളള മാതാവ് വീട്ടില്‍ തനിച്ച്. കട്ടിലില്‍ നിന്ന് വീണ് കാലിന് പരുക്കേറ്റ് കിടന്ന വയോധിക അവിടെ കിടന്ന് വിളിച്ചത് അമേരിക്കയിലുള്ള മകനെ. അവിടെ നിന്ന് വിളി എത്തിയത് പത്തനംതിട്ട ഫയര്‍ ഫോഴ്‌സിന്. സേനാംഗങ്ങള്‍ ചെല്ലുമ്പോള്‍ വീട് മുഴുവന്‍ അകത്തു നിന്ന് പൂട്ടിയ നിലയില്‍. കുളിമുറിയുടെ വെന്റിലേറ്റര്‍ പൊളിച്ച് സേനാംഗങ്ങള്‍ വയോധികയെ രക്ഷിച്ചു. ബന്ധുക്കളും നാട്ടാരും നന്ദി അറിയിക്കാന്‍ ഓടിയെത്തി.

ചന്ദനപ്പള്ളി ഇഞ്ചിവിളയില്‍ പരേതനായ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍
രാജന്‍ വര്‍ഗീസിന്റെ ഭാര്യ ലീലാമ്മ വര്‍ഗീസ് (69) ആണ് വീട്ടില്‍ കുടുങ്ങിയത്. ഇവരുടെ മൂന്നുമക്കളും വിദേശത്താണ്. ലീലാമ്മയെ പരിചരിക്കാന്‍ ഒരു ഹോംനഴ്‌സിനെ നിയോഗിച്ചിരുന്നു. ഒരാഴ്ച മുന്‍പ് ഇവര്‍ വീട്ടില്‍ പോയി. സുരക്ഷ ഉറപ്പിക്കാന്‍ വേണ്ടി ലീലാമ്മ വീട് മുഴുവന്‍ ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. ഇവര്‍ കിടക്കുന്ന ബെഡ്‌റൂമും ഉള്ളില്‍ നിന്ന് പൂട്ടി ഭദ്രമാക്കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ കട്ടിലില്‍ നിന്ന വീണു. കാല്‍ മടങ്ങിപ്പോയതിനാലും അമിത ശരീരഭാരം ഉള്ളതിനാലും സ്വയം എണീല്‍ക്കാന്‍ കഴിയുമായിരുന്നില്ല.

ഇവര്‍ കിടന്ന കിടപ്പില്‍ മൊബൈല്‍ ഫോണ്‍ എടുത്ത് അമേരിക്കയിലുള്ള മകനെയും കുമ്പഴയില്‍ താമസിക്കുന്ന സഹോദരന്‍ ജോസിനെയും വിളിച്ച് വിവരം പറഞ്ഞു. അമേരിക്കയില്‍ നിന്ന് മകന്‍ പത്തനംതിട്ട ഫയര്‍ സ്‌റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. സേന ചെന്നപ്പോള്‍ വീട് മുഴുവന്‍ പൂട്ടിയിട്ടിരിക്കുകയാണ്. ലീലാമ്മയുടെ അറ്റാച്ച്ഡ് ബാത്ത്‌റൂമിന്റെ വെന്റിലേഷന്‍ ജനലിന്റെ കമ്പി
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റി അതിലൂടെ ഉള്ളില്‍ പ്രവേശിച്ച്
അവരെ രക്ഷപ്പെടുത്തുകയായിരുന്നു. ലീലാമ്മയ്ക്ക് സാരമായ പരുക്കുണ്ടായിരുന്നില്ല. കട്ടിലില്‍ നിന്നുള്ള വീഴ്ചയില്‍ കാല്‍ മടങ്ങിപ്പോയതും അമിത ശരീര ഭാരം കാരണം സ്വയം എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നതുമാണ് വിനയായത്.

ലീലാമ്മയെ എണീല്‍പ്പിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചെങ്കിലും അവര്‍ നിരസിച്ചു. തുടര്‍ന്ന് അവര്‍ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും ചെയ്തു. സമീപവാസികള്‍ പോലും ഈ വിവരം അറിഞ്ഞിരുന്നില്ല.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…