ചോദിച്ച ഉടന്‍ പ്രസിഡന്റാക്കിയില്ല: മറുകണ്ടം ചാടി സിപിഎമ്മിനൊപ്പം പഞ്ചായത്ത് പ്രസിഡന്റായി: അയോഗ്യത കല്‍പ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍: ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കലിന് ഇനി ആറു വര്‍ഷം മത്സരിക്കാനുമാകില്ല

0 second read
Comments Off on ചോദിച്ച ഉടന്‍ പ്രസിഡന്റാക്കിയില്ല: മറുകണ്ടം ചാടി സിപിഎമ്മിനൊപ്പം പഞ്ചായത്ത് പ്രസിഡന്റായി: അയോഗ്യത കല്‍പ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍: ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കലിന് ഇനി ആറു വര്‍ഷം മത്സരിക്കാനുമാകില്ല
0

പത്തനംതിട്ട: ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (പന്നിയാര്‍ ) നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സജി കുളത്തിങ്കല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡി സി സി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് സി പി എം അനുകൂല നിലപാട് സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആകുകയായിരുന്നു. വിപ്പ് ലംഘിച്ചു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സജി കുളത്തിങ്കലിനെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിട്ടുള്ളത്.

ഒറ്റ സീറ്റിന് ഭരണം നഷ്ടമാകുമെന്ന് അവസ്ഥയില്‍ ചിറ്റാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് തിരികെ പിടിച്ചത് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തെ പ്രസിഡന്റാക്കിയായിരുന്നു. ഇതിന് പിന്നിലുണ്ടായിരുന്നത് ജനീഷ് കുമാര്‍ എംഎല്‍എയുടെ പദ്ധതിയായിരുന്നു. കോണ്‍ഗ്രസ് നല്‍കാത്ത പ്രസിഡന്റ് സ്ഥാനം തനിക്ക് സിപിഎം തരുമെന്ന് കേട്ടപ്പോള്‍ സന്തോഷിച്ച് മറുകണ്ടം ചാടിയത് സജി കുളത്തുങ്കലായിരുന്നു. സജിയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഇ വര്‍ഗീസിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന കാര്യം സ്ഥാനലബ്ധിക്ക് വേണ്ടി സജി മറന്നു. പിതാവിനെ കോണ്‍ഗ്രസിന്റെ രക്തസാക്ഷിയാക്കി സിപിഎം മകനെ ജീവിക്കുന്ന രക്തസാക്ഷിയാക്കുകയാണെന്ന കാര്യം പ്രസിഡന്റാകുമ്പോള്‍ സജി അറിഞ്ഞിരുന്നില്ല. സിപിഎം വ്യക്തമായ ഗെയിം പ്ലാനോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് സജിയെ അടര്‍ത്തിയെടുത്തത്. പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എംഎസ് രാജേന്ദ്രനെ വെറും മൂന്നു വോട്ടിന് തോല്‍പ്പിച്ചാണ് സജിയുടെ വരവ്. സജി അയോഗ്യനാക്കപ്പെടുന്നതോടെ രണ്ടാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. രാജേന്ദ്രന്‍ തന്നെ സിപിഎം സ്ഥാനാര്‍ഥിയായേക്കും. വിജയിച്ചു വന്നാല്‍ രാജേന്ദ്രന്‍ സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷം നല്‍കും. പ്രസിഡന്റുമാകും.

പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ മറുകണ്ടം ചാടിയപ്പോള്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷമായ ആരോപണവും സജി ഉന്നയിച്ചു.  തന്നെയും തന്റെ കുടുംബത്തെയും ഇല്ലായ്മ ചെയ്യാനാണ് കഴിഞ്ഞ 36 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചതെന്ന് സജി കുളത്തുങ്കല്‍ പറയുന്നു. താന്‍ എല്‍ഡിഎഫ് പിന്തുണ തേടിപ്പോയില്ല. അവര്‍ തനിക്ക് പിന്തുണ തരികയായിരുന്നു. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ എല്‍ഡിഎഫ് അപ്രതീക്ഷിതമായി തന്റെ പേര് നിര്‍ദേശിച്ചു കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് അന്ന് സജി പറഞ്ഞത്.

അര്‍ഹതപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തനിക്ക് ആദ്യ ടേമില്‍ലഭിക്കുന്നില്ലെന്നാരോപിച്ചാണ് സജി കുളത്തുങ്കല്‍ എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സജി വോട്ടു ചെയ്യുകയും ചെയ്തു. ഇരുപാര്‍ട്ടികളിലും പ്രതിഷേധം വ്യാപിക്കുന്നതിനിടെ സജിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. 13 അംഗകമ്മറ്റിയില്‍ എല്‍ഡിഎഫ്അഞ്ച്, യുഡിഎഫ്ആറ്, എന്‍ഡിഎ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടാം വാര്‍ഡില്‍ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയും രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനുമായ എംഎസ് രാജേന്ദ്രനെ മൂന്ന് വോട്ടിന് അട്ടിമറിച്ചാണ് സജി പഞ്ചായത്തംഗമായത്.

നാലാം വാര്‍ഡില്‍ നിന്നും വിജയിച്ച എ ബഷീര്‍ ആയിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. വോട്ടെടുപ്പില്‍ നിന്നും എന്‍ഡിഎ വിട്ടുനിന്നു. ഇതോടെ ആറ് വോട്ട് നേടി സജി കുളത്തുങ്കല്‍ വിജയിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ഥി രവികല എബിക്ക് സജി വോട്ടു ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസ് ആദ്യ ടേം പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിന്റെ പേരിലാണ് സജി കൂറുമാറിയത്. അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നാലാം വാര്‍ഡില്‍ നിന്ന് വിജയിച്ച എ. ബഷീറിന് അഞ്ചു വര്‍ഷവും പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ തീരുമാനമായിരുന്നു. സജി എതിര്‍ത്തതോടെ മൂന്ന് രണ്ട് വര്‍ഷം വീതം നല്‍കാന്‍ ധാരണയായി. ആദ്യ മൂന്നു കൊല്ലം ബഷീറും അവസാന രണ്ട് വര്‍ഷം സജിയും എന്ന ധാരണയാണ് അന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജും അടൂര്‍ പ്രകാശ് എംപിയും മുന്നോട്ടു വച്ചത്. എന്നാല്‍ തനിക്ക് ആദ്യ ടേം കിട്ടണമെന്ന് സജി നിര്‍ബന്ധം പിടിച്ചു.

കൃത്യമായ ഭൂരിപക്ഷം ഉള്ളതുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വവും ഈ വിഷയത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. ഈ അവസരം സിപിഎം മുതലാക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം വഴങ്ങാതെ വന്നതോടെ സജി എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങുകയായിരുന്നു. കോണ്‍ഗ്രസിന്റെ വിപ്പ് അദ്ദേഹം കൈപ്പറ്റിയില്ല. വിപ്പ് ലംഘിച്ച് സിപിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ സജി കുളത്തുങ്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സജിയെ ആരും പിന്തുണച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് രക്തസാക്ഷിയുടെ മകന്‍ എന്ന പരിഗണന നല്‍കി രണ്ടു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു.

സജിയുടെ പിതാവ് കെഇ വര്‍ഗീസിനെ സിപിഎം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്. സജി തോല്‍പിച്ച എംഎസ് രാജേന്ദ്രന്റെ സഹോദരന്‍ എംഎസ് പ്രസാദിനെ കോണ്‍ഗ്രസുകാരാണ് കൊന്നത്. അങ്ങനെയുള്ള പാര്‍ട്ടികള്‍ തമ്മില്‍ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുണ്ടാക്കിയ ധാരണ വലിയ ഞെട്ടലാണ് സിപിഎം പ്രവര്‍ത്തകരില്‍ സൃഷ്ടിച്ചത്. ഇതിന്റെ പേരില്‍ സിപിഎമ്മില്‍ വ്യാപക വിമര്‍ശനവും നേരിട്ടു.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …