
ഇടുക്കി: കാട്ടാന ശല്യം നാള്‍ക്കു നാള്‍ വര്‍ധിക്കുമ്പോഴും ഇതിന് പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആന പാര്‍ക്ക് പദ്ധതി ഏങ്ങുമെത്തിയില്ല. ചിന്നക്കനാലിലാണ് സംസ്ഥാനത്തെ ആദ്യ ആനപ്പാര്‍ക്ക് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. കാട്ടാനകള്‍ക്ക് തനത് ആവാസ വ്യവസ്ഥ ഒരുക്കുന്നതിനൊപ്പം ജനവാസ മേഖലകളില്‍ ഇറങ്ങി മനുഷ്യജീവനും സ്വത്ത് വകകള്‍ക്കും നാശനഷ്ടമുണ്ടാക്കുന്നത് തടയുകയെന്ന ലക്ഷ്യമായിരുന്നു കാട്ടാന ഉദ്യാനം വഴി ലക്ഷ്യം വച്ചിരുന്നത്.
പദ്ധതിയുടെ ഭാഗമായി നടത്തിയ സാറ്റലൈറ്റ് സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആന പാര്‍ക്കിനായുള്ള തുടര്‍ നടപടികള്‍ക്ക് അനക്കമുണ്ടായിട്ടില്ല. കാട്ടാന ആക്രമണങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്തു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ നിരവധി ജീവനുകളാണ് കാട്ടാന ആക്രമണങ്ങളില്‍ പൊലിഞ്ഞിട്ടുള്ളത്. കൂടാതെ അംഗഭംഗം വന്നവരും നിരവധി.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും നിരവധി വീടുകളും വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.
കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാല്‍, സൂര്യനെല്ലി അടക്കമുള്ള പ്രദേശങ്ങളിലെ ആദിവാസി പുനരധിവാസ കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് ആറുകിലോ മീറ്റര്‍ ചുറ്റളവില്‍ മതികെട്ടാന്‍ ദേശീയ ഉദ്യാനവുമായി ബന്ധിപ്പിക്കുന്നതാണ് ആന പാര്‍ക്ക് പദ്ധതി. കാടിന്റെ വ്യാപ്തി വര്‍ധിപ്പിച്ച് തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകള്‍ കാടിറങ്ങുന്നത് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പദ്ധതി പ്രഖ്യപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാരംഭ നടപടികള്‍ പോലും നടത്താനായിട്ടില്ല. ആന പാര്‍ക്ക് പദ്ധതി നടപ്പിലായാല്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ, രാജകുമാരി എന്നീ ജനവാസ മേഖലകളിലേക്ക് കാട്ടാന ഇറങ്ങിയുള്ള ആക്രമണത്തിന് പരിഹാരമാകും.
പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ചിന്നക്കനാല്‍ പ്രദേശം ഭൂമി കൈയേറ്റങ്ങളാല്‍ ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണ്. പാര്‍ക്ക് വരുന്നതോടെ വന ഭൂമി കൈയേറ്റങ്ങള്‍ വെളിച്ചത്താവുമെന്ന ചില വന്‍കിട കൈയേറ്റക്കാര്‍ ഭയപ്പെടുന്നുമുണ്ട്. ഇതാവാം ആന പാര്‍ക്കിന്റെ തുടര്‍ നടപടികള്‍ക്ക് വിലങ്ങുതടിയാവുന്നത്.
ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും ചിന്നക്കനാല്‍ പഞ്ചായത്തിലെ ആനയിറിങ്കല്‍, വിലക്ക്, 101 കോളനി എന്നിവിടങ്ങളും ഉള്‍പ്പെടുന്ന 100 ഹെക്ടര്‍ സ്ഥലമാണ് ആന പാര്‍ക്കിനായി പരിഗണിക്കുന്നത്. വനഭൂമിയിലെ കൈയേറ്റ മാഫിയയെ സഹായിക്കുന്നതിനായാണ് ഇത്തരത്തില്‍ പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ മുമ്പ് പ്രദേശവാസികളും രംഗത്തു വന്നിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ച വ്യക്തത വരുത്താനും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനും വനം വകുപ്പ് തയാറാകാത്തതും പദ്ധതി വൈകാന്‍ കാരണമായി.