ഏനാദിമംഗലം സുജാത കൊലക്കേസ്: 10 പ്രതികളെ വനത്തില്‍ നിന്ന് പിടികൂടി അടൂര്‍ പോലീസ്: അറസ്റ്റിലായവര്‍ 11: ഇനിയും പ്രതികളെ കിട്ടാനുണ്ടെന്ന് പോലീസ്

0 second read
Comments Off on ഏനാദിമംഗലം സുജാത കൊലക്കേസ്: 10 പ്രതികളെ വനത്തില്‍ നിന്ന് പിടികൂടി അടൂര്‍ പോലീസ്: അറസ്റ്റിലായവര്‍ 11: ഇനിയും പ്രതികളെ കിട്ടാനുണ്ടെന്ന് പോലീസ്
0

അടൂര്‍: കാപ്പാ കേസിലുള്‍പ്പെട്ട പ്രതിയും സഹോദരനും നടത്തിയ ഗുണ്ടാ വിളയാട്ടത്തിന് നടത്തിയ തിരിച്ചടിയ്ക്കിടെ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ 10 പ്രതികള്‍ കൂടി അറസ്റ്റില്‍. ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാത(64)യാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റുണ്ടായ പരുക്കിനെ തുടര്‍ന്നാണ് മരണം. കേസില്‍ ഏനാദിമംഗലം കുറുമ്പകര എല്‍സി ഭവനില്‍ ആനന്ദന്റെ മകന്‍ അനീഷിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതില്‍ ജിതിന്‍, മാരൂര്‍ കാട്ടുകാലയില്‍ സുരേന്ദ്രന്‍, സുധീഷ്, പൂവണ്ണം മൂട്ടില്‍ വിളയില്‍ സജിത്, മാരൂര്‍ കാട്ടുകാലയില്‍ എലിമുള്ളതില്‍ മേലേതില്‍ ശ്യാം, ശരത്, കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതില്‍ ഉന്മേഷ്, ചീനിവിള വീട്ടില്‍ രതീഷ്, ചീനിവിള അല്‍ അമീന്‍ മന്‍സിലില്‍ അല്‍ അമീന്‍ (28), മരുതിമൂട് മാഹീന്‍ മന്‍സിലില്‍ ഷാനവാസ് (34) എന്നിവരാണ് അറസ്റ്റിലായത്.

പതിനഞ്ചോളം വരുന്ന സംഘമാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞിരുന്നു. വീട് മുഴുവനും തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിച്ച് മുന്‍പിലുള്ള കിണറ്റിലിടുകയും ചെയ്തു. വീട്ടിലെ വളര്‍ത്തുനായയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. തലയ്ക്ക് മാരകമായി പരുക്കേറ്റ സുജാതയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേല്‍ക്കുകയും വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ബന്ധുക്കള്‍ തമ്മിലുള്ള വഴിത്തര്‍ക്കം തീര്‍ക്കുന്നതിനായി സുജാതയുടെ മക്കളായ സൂര്യലാല്‍(24), ചന്ദ്രലാല്‍(21) എന്നിവര്‍ അവരുടെ വളര്‍ത്തു നായയുമായി അവിടെയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ കൊണ്ടുവന്ന വളര്‍ത്തുനായ മൂന്ന് പേരെ കടിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായിട്ടാണ് ഞായറാഴ്ച രാത്രി സംഘം ചേര്‍ന്ന് സുജാതയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ഈ സമയം സൂര്യലാലും ചന്ദ്രലാലും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇരുവരും പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരാണ്.

സുജാതയുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കയി അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികള്‍ കറവൂര്‍ സന്യാസികോണിലുള്ള ബന്ധു വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ സ്ഥലത്തെത്തിയെങ്കിലും പോലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് കടന്നു. തുടര്‍ന്ന് അടൂരില്‍ നിന്നും കൂടുതല്‍ പോലീസ് എത്തി കറവൂര്‍ പുന്നല വനമേഖലകളില്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനു പറഞ്ഞു. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സുജാതയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഇവരുടെ മക്കളെ ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലേക്ക് അടൂര്‍, ഏനാത്ത് പൊലീസ് സംഘങ്ങളുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ കുമാര്‍, മനീഷ് എം, കെ.എസ്. ധന്യ, ജലാലുദ്ദീന്‍ റാവുത്തര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്ത്, രാജേഷ് ചെറിയാന്‍, സൂരജ് ആര്‍ കുറുപ്പ്, റോബി ഐസക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, നിസാര്‍ എം, മനീഷ് രാജേഷ്, ശ്രീജിത്ത്, അനൂപ എസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …