കൊച്ചി: വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് അറുപതു കോടിയുടെ ഹവാലപ്പണം വിദേശത്തേക്ക് കടത്തിയ കേസില്‍ അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ പൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളായ സാജു മൂലന്‍, ജോസഫ് മൂലന്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ജോയ് മൂലന്‍ വിദേശത്താണ്. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ ഹാജരാവുകയോ അവധി ചോദിക്കുകയോ ചെയ്തില്ല. പാലക്കാട് ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റിന് സമീപമുള്ള തോട്ടത്തില്‍ ഇവര്‍ ഒളിവിലായിരുന്നു. ഇഡി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുവെന്നുള്ള വിവരത്തെ തുടര്‍ന്ന് ഇവര്‍ ഇന്ന് പുലര്‍ച്ചെ അവിടെ നിന്നും കൊച്ചിയിലെത്തി. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ ഇഡി ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചുവെന്നാണ് വിവരം.
ഹവാലാപ്പണം കടത്തിയെന്ന പരാതിയില്‍ ആറു പേര്‍ക്കെതിരേയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് പ്രാഥമികാന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സാജു, ജോസഫ് എന്നിവരുടെ പാസ്‌പോര്‍ട്ട് ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നാമനായ ജോയി നിലവില്‍ വിദേശത്താണുള്ളത്. ജിദ്ദ കേന്ദ്രീകരിച്ചുള്ള സ്‌പൈസസ് സിറ്റി ഫോര്‍ ഫുഡ് സ്റ്റഫ്‌സ് വെയര്‍ ഹൗസ് കമ്പനിയില്‍ ഇവിടെ നിന്നു കൊണ്ടു പോയ ഹവാലാപ്പണം നിക്ഷേപം നടത്തിയെന്നാണ് പരാതി.
സൗദിയില്‍ വിദേശ മൂലധന നിക്ഷേപം അതാത് രാജ്യത്തെ കറന്‍സിയായിട്ട് വേണം നടത്താനെന്നാണ് ചട്ടം. ഇവിടെ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം മൂലന്‍സ് സഹോദരന്മാരായ സാജു, ജോസഫ്, ജോയ് എന്നിവര്‍ ജിദ്ദ കമ്പനിയില്‍ നടത്തിയെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സാജു, ജോസ് എന്നിവരില്‍ നിന്ന് ഇ.ഡി മൊഴിയെടുത്തിരുന്നു. ഇവരുടെ ഭാര്യമാരാണ് മറ്റ് ഷെയര്‍ ഉടമകള്‍. സൗദിക്കാരനായ സ്‌പോണ്‍സറിനും ഷെയര്‍ ഉണ്ട്.
വിദേശനിക്ഷേപത്തിനായി 60 കോടി രൂപ കൊണ്ടു പോയത് ബാങ്ക് മുഖാന്തിരമല്ലെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി കൊമേഴ്‌സ് മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ രജിസ്റ്ററില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് ആകെയുള്ള പ്രവര്‍ത്തന മൂലധനം. അങ്കമാലിയില്‍ മൂലന്‍സ് ഇന്റനാഷണല്‍, മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്. വിദേശത്തും ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും നടത്തി വരുന്നുണ്ട്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കേസിന്റെ ഓരോ ഘട്ടവും സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരുന്നു. കേസില്‍ ഇവര്‍ക്കുള്ള പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് ഇഡി നിലപാട് കടുപ്പിച്ചത്. ജനുവരി 18 നാണ് കള്ളപ്പണം വെളുപ്പിക്കല്‍, ഫെമലംഘനം എന്നീ കുറ്റങ്ങള്‍ക്ക് ജോസഫ്, സാജു, ജോയി എന്നിവരെ പ്രതികളാക്കി കേസ് എടുത്തത്. 19 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. പക്ഷേ, ഹാജരായില്ല. 24 ന് വീണ്ടും നോട്ടീസ് അയച്ചു. ഇതോടെ അറസ്റ്റ് ഭയന്ന് സഹോദരങ്ങള്‍ മുങ്ങുകയായിരുന്നു. ഒന്‍പതുമാസം വിശദമായി അന്വേഷിച്ചതിന് ശേഷമാണ് ഇവരെ പ്രതികളാക്കി കേസ് എടുത്തത്.